നെടുമങ്ങാട് : സിപിഐയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ സിപിഐ യില്‍ വന്‍ പൊട്ടിത്തെറി. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് മറ്റുള്ള പാര്‍ട്ടികളിലേക്ക് ചേക്കേറിത്തുടങ്ങി.
സിപിഐ കരിപ്പൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും മൂന്നു തവണ നഗരസഭാ കൗണ്‍സിലറുമായ എന്‍.ആര്.ബൈജുവും ബ്രാഞ്ച് സെക്രട്ടറിമാരായ എട്ടുപേരും ഉള്‍പ്പെടെ 200 ഓളം പേരാണ് പാര്‍ട്ടിവിട്ടത്. വെമ്പായം, മണിക്കല്‍, ആനാട് എന്നിവിടങ്ങളിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും പാര്‍ട്ടിവിടാന്‍ തയാറായിരിക്കുകയാണെന്നും വാമനപുരം മണ്ഡലത്തില്‍ നിന്നും 250 പേര് രാജിവച്ചതായും പാര്‍ട്ടിവിട്ട എന്‍ ആര് ബൈജു, ശിവന്കുട്ടിനായര് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിഭാഗീയതയും സ്വജനപക്ഷപാതവും ആരോപിച്ചാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടുതുടങ്ങിയത്. നിയമസഭാ തെരെഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ മുന്‍ എംഎല്‍എ മാങ്കോട് രാധാകൃഷ്ണനെ മാറ്റിനിര്‍ത്തി മുന്‍ ജില്ലാസെക്രട്ടറി രാമചന്ദ്രന്‍നായരെ മത്സരിപ്പിച്ചതുമുതലാണ് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉടലെടുത്തത്. വന്‍സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതവും നടത്തി അണികളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ മാങ്കോട് രാധാകൃഷ്ണന് ശ്രമം നടത്തിയതിനും രാമചന്ദ്രന്‍നായരെ തോല്പ്പിക്കാനായി കൂട്ടുനിന്നതിനും പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. പാര്ട്ടിസ്ഥാനത്തുനിന്നു മാറ്റപ്പെട്ട വ്യക്തികള്‍ വീണ്ടും നേതൃത്വത്തിലെത്തിയതോടെയാണ് കൊഴിഞ്ഞുപോക്ക് ആരംഭിച്ചതെന്ന് പാര്‍ട്ടിവിട്ടവര്‍ ആരോപിച്ചു. ശക്തമായ വിഭാഗീയത സൃഷ്ടിച്ചും പാര്‍ട്ടിയെ ചിന്നഭിന്നമാക്കിയുമുള്ള പ്രവര്‍ത്തനം നടത്തുന്നുവെന്ന അണികളുടെ പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ചെവികൊണ്ടില്ലെന്നുമാത്രമല്ല പുല്ലുവിലപോലും കല്പിച്ചില്ല.
കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ വിഭാഗീയത പ്രകടമായിത്തുടങ്ങിയിരുന്നു. മണ്ഡലത്തിന്റെ ചുമതലയുള്ള മുന്‍ എംഎല്‍എ, മണ്ഡലം സെക്രട്ടറി, ഒരു ജില്ലാകമ്മിറ്റി അംഗം എന്നിവരുടെ നേതൃത്വത്തില്‍ പാറക്വാറി, റിയല്‍ എസ്റ്റേറ്റ്, മണല്‍-മദ്യ മാഫിയ എന്നിവരുടെ ദല്ലാളന്മാരായി നെടുമങ്ങാട് മണ്ഡലത്തിലെ സിപിഐ നേതാക്കള്‍ മാറി. ഇവര്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നത് ജില്ലാ സെക്രട്ടറിയാണ്. ഇത്തരം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മണ്ഡലം കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുന്നതിനുപകരം പരാതിക്കാരെ ഒഴിവാക്കി. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനം അവതാളത്തിലായി. വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട തങ്ങള്‍ക്ക് ലഭിച്ച ബാലന്‍സ് ഷീറ്റ് അവഗണനമാത്രമാണ്. നിരവധി പേര് ഇതിനകം തന്നെ കൊഴിഞ്ഞുപോയിട്ടുണ്ടെന്നും എന്‍.ആര്. ബൈജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: