ആലപ്പുഴ: ധീവര സഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ധീവര സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതി കുറ്റപ്പെടുത്തി. ദിനകരന്‍ ഒരുകാലത്തും സ്വന്തം സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രവര്‍ത്തനം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പഴയിലെ സീറ്റ് കൈക്കലാക്കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നും ഇതിനെതിരെ ഭവന സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ നടത്താനും മത്സ്യപ്രവര്‍ത്തക സംഘം തീരുമാനിച്ചു. ധീവര സമുദായാംഗങ്ങള്‍ക്കും മറ്റും സ്വാശ്രയകോളേജുകളില്‍ സംവരണം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സ്റ്റേ വാങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിനു വേണ്ടിയാണ് ദിനകരന്‍ വാദിക്കുന്നത്.
കര്‍ഷകരുടെ പേരു പറഞ്ഞ് അശാസ്ത്രീയമായ തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണം മൂലം പോളശല്യം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രതികരിക്കാത്ത സര്‍ക്കാരിനെ ദിനകരന്‍ പിന്തുണക്കുന്നത് മത്സ്യത്തൊഴിലാളികളോടുള്ള ദ്രോഹമാണെന്നും തണ്ണീര്‍മുക്കം ബണ്ട് വര്‍ഷം മുഴുവന്‍ തുറന്നിടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വനവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു വിഭാഗങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. വി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള സംഘടനാ സെക്രട്ടറി എന്‍.കെ. പ്രദീപ്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി. ഭുവനേശ്വരന്‍, ജില്ലാ രക്ഷാധികാരി കെ.ഡി. രാമകൃഷ്ണന്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ ആര്‍. എസ്. ദേവദാസ്, ടി.ജി. ജ്യോതികുമാര്‍, ടി.എസ്. ഷിജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസ് സ്വാഗതവും ജില്ലാ സഹ സെക്രട്ടറി പി.പി. ഉദയന്‍ നന്ദിയും പറഞ്ഞു.
















