ചേര്‍ത്തല: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തക്കാളിപ്പനി പടരുന്നു, നിരവധി പേര്‍ ചികിത്സ തേടി. അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലാണ് രോഗം അതിവേഗം പടര്‍ന്നു പിടിക്കുന്നത്. കണ്ടാല്‍ ചിക്കന്‍പോക്‌സിനോട് സാമ്യം തോന്നുമെങ്കിലും തക്കാളിപ്പനി അത്രയും മാരകമല്ലെന്നാണ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ദര്‍ പറയുന്നത്. പേരു പോലെ തന്നെ തക്കാളി പോലെയുള്ള കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ചിലര്‍ക്ക് കടുത്ത ചൂടും പനിയും ഉണ്ടാകും.
കുരുക്കള്‍ വന്ന് കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൊട്ടുകയും ചെയ്യും. കട്ടിയുള്ള ദ്രാവകമാണ് കുരുക്കളില്‍ നിന്ന് വരുന്നത്. ചിക്കന്‍പോക്‌സില്‍ നിന്ന് വ്യത്യസ്തമായി കാല്‍പാദം, കൈവെള്ള, സന്ധികള്‍ തോറുമാണ് കുരുക്കള്‍ പ്രത്യക്ഷപ്പെടുക. വായിലും കുരുക്കള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് ആഹാരം കഴിക്കുവാനും പ്രയാസം ഉണ്ടാകും.
കോക്‌സാക്കി വൈറസ് പകര്‍ത്തുന്ന തക്കാളിപ്പനിക്ക് വൈദ്യശാസ്ത്രത്തില്‍ പ്രത്യേക മരുന്നുകളൊന്നുമില്ലെന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലെ ശിശുരോഗവിദഗ്ദന്‍ ഡോ. വാദ്ധ്യാര്‍ പറഞ്ഞു. ചൂടിനും പനിക്കും പാരസെറ്റാമോളാണ് നല്‍കുന്നത്. ദേഹത്തുണ്ടാകുന്ന ചൊറിച്ചിലിനും ചില മരുന്നുകള്‍ നല്‍കും. ആവശ്യത്തിന് വിശ്രമമാണ് രോഗിക്കാവശ്യം.
ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുന്നതിനാല്‍ ഇടവിട്ടുള്ള സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കണം. മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം. വായുവിലൂടെ പകരുന്നതിനാല്‍ രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മുതിര്‍ന്നവര്‍ക്ക് അപൂര്‍വമായി മാത്രമേ തക്കാളി പനി വരികയുള്ളു.
പ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുളള സാദ്ധ്യത തള്ളിക്കളയാനാകില്ല. ഇത്തരത്തില്‍ കുഞ്ഞില്‍ നിന്ന് രോഗം പിടിപെട്ട അമ്മ ചികിത്സ തേടിയെത്തിയതായും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ ചൂടിന്റെ വ്യതിയാനങ്ങളാണ് തക്കാളിപ്പനി പടര്‍ത്തുന്നത്. അത്രമാരകമല്ലെങ്കിലും അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസമുള്‍പ്പെടെയുള്ള ദേഹാസ്വാസ്ഥ്യങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിച്ചാല്‍ എത്രയും വേഗം വിദഗ്ദ ചികിത്സ തേടണമെന്നും ഡോക്ടര്‍ പറഞ്ഞു.
















