അമ്പലപ്പുഴ: വിപ്പ് ലംഘിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് കെപിസിസി തീരുമാനമെടുത്തതോടെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ഒന്‍പത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത നഷ്ടമായി. ചരിത്രത്തിലാദ്യമായാണ് ഈ പഞ്ചായത്തില്‍ 11 സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചത്. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കംമൂലം കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.
സിപിഎം വിമതനായി വിജയിച്ച വി.ധ്യാനസുതന്‍ പിന്നീട് സിപി എം പിന്തുണയോടെ ഇവിടെ പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു. ഇതിനുശേഷം രണ്ടുതവണ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും ഒന്‍പത് അംഗങ്ങള്‍ വിപ്പ് ലംഘിച്ചതിനെതിടര്‍ന്ന് അവിശ്വാസപ്രമേയം പരാജയപ്പെടുകയായിരുന്നു.
ഇതിനിടെ വൈസ് പ്രസിഡന്റായ റസിയാ ബീവിയെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നും അയോഗ്യയാക്കുകയും ചെയ്തു. കോണ്‍ഗ്രസ് അംഗങ്ങളായ കാസിം നെടുംപുറം, ഉഷാ ഭാസ്‌ക്കരന്‍ എന്നിവരൊഴികെയുള്ള മറ്റ് ഒന്‍പത് അംഗങ്ങളും വിപ്പ് ലംഘിച്ചു.
എന്‍.ശിശുപാലന്‍, എ. എ.അസീസ്, ബി.സുവര്‍ണ്ണന്‍, സുരേഷ് ബാബു, റസിയാ ബീവി, ലേഖാമോള്‍, വിശ്വമ്മാ വിജയന്‍, ബീനാ സുഗുണന്‍, സന്ധ്യാ ഗോപകുമാര്‍ എന്നിവരാണ് വിപ്പ് ലംഘിച്ച അംഗങ്ങള്‍. വിപ്പ് ലംഘിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന കെപിസിസി തീരുമാനം അതേപടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിലവിലെ ഒന്‍പത് അംഗങ്ങള്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്ന് ഉറപ്പായി. എന്നാല്‍, ഈ അംഗങ്ങളില്‍ പലരും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. പാര്‍ട്ടി നിലപാട് കര്‍ശനമായതിനാല്‍ ഇവര്‍ക്കൊന്നും സീറ്റ് ലഭിക്കില്ല. വിമതരായി മത്സരിച്ചാല്‍ അടച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സജീവ രാഷ്‌ട്രീയത്തില്‍ ഇല്ലാത്ത മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കാന്‍ നേതൃത്വം തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിപ്പ് ലംഘിച്ചവര്‍ വീണ്ടും മത്സര രംഗത്ത് വന്നാല്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഒരിക്കല്‍ക്കൂടി വിവാദ കേന്ദ്രമായി മാറും.
















