ുന്നപ്ര: നിര്‍മ്മാണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കരിങ്കല്‍ഭിത്തി തകര്‍ന്നു വീണു. നിര്‍മ്മാണത്തിലെ അഴിമതിയാണന്നാരോപിച്ചു നാട്ടുകാര്‍ രംഗത്ത്. പ്രതിഷേധം ശക്തമായതോടെ തടികുറ്റികള്‍ നാട്ടി ഭിത്തിതാങ്ങി സംരക്ഷിക്കാന്‍ കരാറുകാരന്റെ നീക്കം. പുന്നപ്ര വടക്ക് പഞ്ചായത്ത് പേരൂര്‍കോളനിക്ക് സമീപത്തെ പ്രധാന തോടിന് തെക്ക് ഭാഗത്തെ കരിങ്കല്‍പിച്ച് നിര്‍മ്മാണത്തിലാണ് അഴിമതി നടന്നതായി ആരോപിക്കുന്നത്.
റോഡിന് സംരക്ഷണമായി കെട്ടിയ കരിങ്കല്‍പിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ചിലയിടങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ഇതിനിടെ ഒരു ഭാഗം തകര്‍ക്കന്നുവീണു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊളിഞ്ഞ ഭാഗം വീണ്ടും കെട്ടി. എന്നാല്‍ കഴിഞ്ഞ ദിവസം കരിങ്കല്‍ പിച്ചിന്റെ മറ്റൊരു ഭാഗവും തകര്‍ന്ന് വെള്ളത്തില്‍ വീണു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തകര്‍ന്ന ഭാഗം കെട്ടികൊടുക്കാമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ചിലഭാഗങ്ങളിലും വിള്ളലുകള്‍ ഉണ്ടായി. ജില്ലാപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 28 ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയത്. പേരൂര്‍ കോളനി പാലം മുതല്‍ കിഴക്കോട്ട് 255 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി കെട്ടി റോഡ് ഗ്രാവലും മെറ്റലിഗും ചെയ്യാനാണ് കരാര്‍ നല്‍കിയത്. ഇതില്‍ കരിങ്കല്‍ സംരക്ഷണ ഭിത്തി കെട്ടി പാര്‍ട്ട്ബില്ലു കരാറുകാരന്‍ വാങ്ങിയെടുക്കുകയും ചെയ്തു.
നിര്‍മ്മാണത്തിലെ അപാകതകള്‍ പലതവണ സിപിഎമ്മുകാരിയായ ജില്ലാപഞ്ചായത്തംഗത്തെ അറിയിച്ചെങ്കിലും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഉദ്യോഗസ്ഥരാവട്ടെ വേണ്ട പരിശോധനകള്‍ നടത്താതെയാണ് ബില്ലുമാറാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
















