അവകാശങ്ങളെക്കുറിച്ച് ഏറെ അറിവുള്ളവരാണ് നാം മലയാളികള്‍. ഉള്ളതും ഇല്ലാത്തതുമായ അവകാശങ്ങള്‍ നേടിയെടുക്കാനും നിലനിര്‍ത്താനും വേണ്ടി ഏതറ്റംവരെ പടപൊരുതാനും നാം തയ്യാറാണ്. പക്ഷേ നമുക്കേറ്റവും പ്രിയതരമായ അവകാശത്തെപ്പറ്റി കാര്യമായി ഒന്നുമറിയില്ല. അതത്രെ ബൗദ്ധിക സ്വത്തവകാശം. ബുദ്ധികൊണ്ട് സിദ്ധിക്കുന്ന സ്വത്തിന്മേല് നമുക്കുണ്ടാകുന്ന അമൂല്യമായ അവകാശം.
ബുദ്ധികൊണ്ട് പണവും പണ്ടവുമുണ്ടാക്കാമെന്നതിന് സംശയമില്ല. പക്ഷേ ഇവിടെ പരാമര്‍ശിക്കുന്നത് കണ്ടുപിടുത്തങ്ങളെക്കുറിച്ചാണ്. തീവ്ര തപസ്യയിലൂടെ നമുക്ക് ലഭ്യമാകുന്ന ഒരു സ്വത്തിനെക്കുറിച്ചാണ്. അതെന്തുമാകാം. മുറിവുണ്ടാക്കാത്ത മൊട്ടുസൂചിയും കരിപറ്റാത്ത കാപ്പിപ്പാത്രവും മുതല്‍ എയര്‍ കണ്ടീഷന്‍ കാലന്‍കുടയും ഏത് രാത്രിയിലും പ്രവര്‍ത്തിക്കുന്ന ക്യാമറയും വരെ എന്തും. പക്ഷേ മറ്റുള്ളവര്‍ കണ്ടുപിടിച്ചു കഴിഞ്ഞതാവരുത്. നമ്മുടെ കണ്ടുപിടുത്തം നേരാംവണ്ണം രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ അവകാശം നമുക്ക് മാത്രം. അപ്രകാരം രജിസ്റ്ററാക്കിയ അധികാരപത്രമാണ് പേറ്റന്റ്. ആ അവകാശമാണ് ബൗദ്ധിക സ്വത്തവകാശം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്.
അല്‍പ്പം ബുദ്ധിയും കുറച്ച് ഭാവനയും അതിരുകടന്ന അധ്വാനശേഷിയുമുള്ളവര്ക്ക് കണ്ടുപിടുത്തം വളരെയെളുപ്പമാണ്. എത്ര ചെറിയ കണ്ടുപിടുത്തത്തിനും നമുക്ക് പേറ്റന്റും ലഭിക്കും. പിന്നെ അതുപയോഗിക്കുന്നവരൊക്കെ അറിയാതെ തന്നെ നമുക്കുള്ള അവകാശപ്പണം അഥവാ റോയല്‍റ്റി തന്നുകൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ സാക്ഷര കേരളത്തിലെ മലയാളികള്‍ക്ക് ഇതറിയണമെന്നില്ല. ബൗദ്ധിക സ്വത്തവകാശം എന്നാല്‍ അവര്‍ക്ക് കേവലമൊരു മലയാളവാക്ക് മാത്രം. പക്ഷേ അതിവേഗം മാറുന്ന ലോക സമ്പദ്വ്യവസ്ഥയില് നമുക്കാര്‍ക്കും അതറിയാതെ മാറി നില്‍ക്കാനാവില്ല.
പക്ഷേ അതറിയിക്കാന്‍ ഇന്നാട്ടില് കാര്യമായൊരു ശ്രമവും നടക്കുന്നില്ല. പറ്റിയ പുസ്തകങ്ങളില്ല. ഉള്ളവ വായിച്ചാലൊട്ടു മനസ്സിലാവുകയുമില്ല. ഒടുവില്‍ ആ കുറവ് നികത്തപ്പെട്ടിരിക്കുന്നു. ‘ബൗദ്ധികസ്വത്തും അവകാശങ്ങളും’ എന്ന പുസ്തകത്തിന്റെ ആവിര്‍ഭാവത്തോടെ. ഗ്രന്ഥകാരന് ഡോ.അജിത് പ്രഭു. സംസ്ഥാനത്ത് പേറ്റന്റ് സേവന കേന്ദ്രത്തിന്റെ സംഘാടകനും സി-സ്റ്റെഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഡോ.അജിത് പ്രഭു. പേറ്റന്റ് അറിവിന്റെ കാര്യത്തില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമാണ്. ആ അറിവ് രുചികരമായി വിളമ്പിക്കൊടുക്കുന്ന കാര്യത്തിലും താനൊരു മഹാപ്രഭുവാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തിലൂടെ. കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം (എസ്പിസിഎസ്) പ്രസിദ്ധീകരിക്കുന്ന ഈ ഗന്ഥം നാഷണല്‍ ബുക്സ്റ്റാളിലൂടെ ലഭിക്കും. (വില 100/-).
വ്യാപാരമൂല്യമുള്ള ഏത് സൃഷ്ടിയേയും ബൗദ്ധികസ്വത്തവകാശമെന്ന് വിളിക്കാമെന്നാണ് ഡോ.പ്രഭു പറയുന്നത്. അവയ്ക്ക് നിയമാനുസൃതം നല്കുന്ന പരിരക്ഷയാണ് ബൗദ്ധികസ്വത്തവകാശം. കൃഷി, വ്യവസായം, സാഹിത്യം, കല, നിര്‍മാണം, ശാസ്ത്രം തുടങ്ങി ഏത് മേഖലയിലും ബുദ്ധിപരമായ പ്രവര്‍ത്തനംകൊണ്ട് ജനിക്കുന്ന പുത്തന്‍ ഉല്‍പ്പന്നങ്ങളെയാണ് ബൗദ്ധിക സ്വത്തെന്ന് വിളിക്കുക. അത്തരം അവകാശങ്ങള്‍ ഏഴ് തരം-പേറ്റന്റ്, പകര്‍പ്പവകാശം, വ്യാപാരമുദ്ര, വ്യാവസായിക രൂപകല്‍പ്പന, ഭൗമശാസ്ത്ര സൂചകങ്ങള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെയും സെമികണ്ടക്ടര്‍ ചിപ്പുകളുടെയും രൂപകല്‍പ്പന, വ്യാപാര രഹസ്യങ്ങള്‍ എന്നിങ്ങനെ.
പേറ്റന്റിന് അര്‍ഹത നേടിയ ലോകത്തെ ആദ്യ കണ്ടുപിടുത്തം ജയിംസ് പക്കിള്‍ രൂപപ്പെടുത്തിയ യന്ത്രത്തോക്കായിരുന്നു, 1718 ല്‍. എന്നാല്‍ ആദ്യത്തെ ഇന്ത്യന്‍ പേറ്റന്റിന് 1856 വരെ കാത്തിരിക്കേണ്ടിവന്നു. പങ്ക അഥവാ ഫാന്‍ വലിക്കുന്ന യന്ത്രത്തിന് 1856 ല്‍ പേറ്റന്റ് നേടിയത് ജോര്‍ജ് ആല്‍ഫ്രെഡ് ഡിപെന്നിംഗ് പേറ്റന്റ് കഥയും ചരിത്രവും അതീവ രസകരമാണ്. പ്രത്യേകിച്ചും ഡോ.അജിത് പ്രഭുവിന്റെ പ്രതിപാദന രീതിയില്‍ ആസ്വദിക്കുമ്പോള്‍. പ്രസിദ്ധ സാഹിത്യകാരനായ മാര്‍ക് ടൈ്വനും നേടിയിട്ടുണ്ടത്രെ ഒരു പേറ്റന്റ്-കോട്ടും സൂട്ടും ശരീരത്തോട് ചേര്‍ത്ത് നിറുത്തുന്നതിനുള്ള സ്ട്രാപ്പ് അഥവാ പട്ട കണ്ടുപിടിച്ചതിന്. പാത്രം കഴുകുന്നതിനുള്ള യന്ത്രം കണ്ടുപിടിച്ച ജോസഫൈന് ഗാരീസ് എന്ന വീട്ടമ്മ 1886 ല്‍ പേറ്റന്റ് സ്വന്തമാക്കി. 1849 ല്‍ വാള്‍ട്ടര്‍ ഹണ്ട് എന്ന സായിപ്പ് പേറ്റന്റ് അടിച്ചെടുത്തത് സേഫ്ടി പിന് കണ്ടുപിടിച്ചതിന്….
പേറ്റന്റ് നേടാന്‍ പ്രായം ഒരു പ്രശ്നമേയല്ല. സാം ഹൗട്ടന് എന്ന മൂന്നുവയസ്സുകാരനുമുണ്ടൊരു പേറ്റന്റ്. രണ്ടുചൂലുകള് കൂട്ടിക്കെട്ടി തൂത്തുവാരുന്ന യന്ത്രസംവിധാനം രൂപപ്പെടുത്തിയതിന്… ഇവയൊക്കെ ഡോ.അജിത് പ്രഭുവിന്റെ ഗ്രന്ഥത്തെ മേന്മയുറ്റതാക്കുന്ന നുറുങ്ങുകളത്രെ. അവ ഏത് മടിയനെയും ആവേശഭരിതരാക്കുമെന്നതിനും സംശയമില്ല. ഒരാളുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ മറ്റൊരാളില്‍നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്ന വ്യാപാരമുദ്ര അഥവാ ട്രേഡ്മാര്ക്കിനും ലഭിക്കും പേറ്റന്റ്.
ഒരു സ്ഥലത്ത് പ്രത്യേകമായി വിളയുകയോ നിര്‍മിക്കപ്പെടുകയോ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമുണ്ട് ബൗദ്ധിക സ്വത്തവകാശം. അവയെ വിളിക്കുന്നത് ഭൂമിശാസ്ത്രപരമായ സൂചകങ്ങള്‍ അഥവാ ‘ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍’ എന്ന്. ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, ഡാര്‍ജലിങ് തേയില, സ്കോച്ച് വിസ്കി, കാഞ്ചീപുരം സില്‍ക്ക് സാരി, മലബാര്‍ കുരുമുളക് തുടങ്ങിയവയൊക്കെ ഇത്തരം വിഐപി ലിസ്റ്റില്‍പ്പെട്ടവയാണ്.
പേറ്റന്റുമായി ബന്ധപ്പെട്ട ഒരു ഡസന്‍ രസകരമായ കേസുകളുമുണ്ട്, ‘ബൗദ്ധിക സ്വത്തും അവകാശങ്ങളും’ എന്ന ഈ പുസ്തകത്തില്‍. എന്തായാലും മലയാളത്തിന്റെ വരദാനമാണീ ഗ്രന്ഥം എന്നതില്‍ രണ്ടുപക്ഷമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: