തിരുവനന്തപുരം: ഐഎസ്ആര്‍ഓ കേന്ദ്രങ്ങള്‍ സംയുക്തമായി ആഘോഷിക്കുന്ന ലോക ബഹിരാകാശ വാരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തെ വിഎസ്എസ്സി ആഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖറും ദൂരദര്ശന് പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സാജനുമായിരുന്നു ചടങ്ങിലെ അതിഥികള്‍.
ബഹിരാകാശ ഗവേഷകര്‍ രാജ്യത്തിനു നല്കുന്ന സംഭാവനകളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അറിവ് പകരാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കണമെന്ന് ചന്ദ്രശേഖരന് പറഞ്ഞു. ടെലി മെഡിസിന്, ടെലി എജ്യുക്കേഷന്‍ തുടങ്ങി നിരവധി പരിപാടികളാല്‍ സമൂഹത്തോടുള്ള പ്രതിബദ്ധത സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കുന്ന ഐഎസ്ആര്‍ഓ നാടിന് മാതൃകയാണ്. ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷണം നടത്തുന്നത് മഹത്തരമായ കാര്യമാണെങ്കിലും അതിലും മഹത്തരമാണ് സാധാരണക്കാരുടെ ജീവിതത്തില്‍ മൂല്യവത്തായ സംഭാവനകള്‍ നല്കാന് കഴിയുക എന്നത്. ഇതാണ് ഐഎസ്ആര്‍ഓയുടെ ഏറ്റവും വലിയ വിജയവും. മെഡിക്കല്‍ രംഗം പോലെ സാധാരണക്കാര്‍ക്ക് അത്യന്താപേക്ഷിതവും എന്നാല്‍ അനുദിനം അപ്രാപ്യമായിക്കൊണ്ടിരിക്കുന്നതുമായ രംഗങ്ങളില്‍ ഐഎസ്ആര്‍ഓയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎസ്എസ്സി ഡയറക്ടര്‍ ഡോ കെ. ശിവന് ആധ്യക്ഷം വഹിച്ചു. ജിഎസ്എല്‍വി പ്രോജക്ട് ഡയറക്ടര്‍ ആര്. ഉമാ മഹേശ്വരന് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എസ്. ആറാവമുതന് ആഘോഷപരിപാടികള്‍ വിവരിച്ചു. എല്‍പി എസ്സി ഡയറക്ടര്‍ ഡോ എസ്. സോമനാഥ് സ്പേസ് വീക്ക് സിഡി പ്രകാശിപ്പിച്ചു. ഡോ കെ. രാജീവ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ഐഐഎസ്യു ഡയറക്ടര്‍ ഡോ. പി. പി. മോഹന്‍ലാല്‍, വിഎസ്എസ്സി അസോസിയേറ്റ് ഡയറക്ടര്‍ എം.വി. ദേഖ്നെ, ചീഫ് കണ്ട്രോളര് ഡോ ബിജു ജേക്കബ്, ദൂരദര്ശന് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സാജന് എന്നിവര്‍ സംസാരിച്ചു. വാരാഘോഷ കമ്മിറ്റി കണ്‍വീനറും വിഎസ്എസ് സിയില്‍ ഗ്രൂപ്പ് മേധാവിയുമായ വിജയമോഹനകുമാര്‍ നന്ദി പറഞ്ഞു.
ഒക്ടോബര്‍ 4 മുതല്‍ 10 വരെയാണ് ലോക ബഹിരാകാശവാരം ആഘോഷിക്കപ്പെടുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി വിഎസ്എസ്സി സ്പേസ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ നടക്കുന്ന സൗണ്ടിങ് റോക്കറ്റ് വിക്ഷേപണം കാണാ ന് പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: