ആലപ്പുഴ: നഗരത്തില്‍ ഭൂഗര്‍ഭ കേബിളിടാന്‍ കുഴിച്ചിട്ടുള്ള ചാലുകളില്‍ കേബിളിന്റെ പണികള്‍ പൂര്‍ത്തിയാക്കി, മണ്ണ് തിരിച്ചിട്ടു യഥാവിധി മൂടി ഉറപ്പിച്ചതിനു ശേഷം മാത്രമേ റോഡിന്റെ അറ്റകുറ്റപ്പണികളും റീടാറിങും നടത്താവൂവെന്ന് ആവശ്യമുയരുന്നു. അല്ലെങ്കില്‍ ബലക്ഷയത്താല്‍ റോഡ് ഉടന്‍ തന്നെ വീണ്ടും തകരും. മിക്ക റോഡുകളിലും വിവിധ മൊബൈല്‍ കമ്പനികളുടെയും വൈദ്യുതിയുടേയും കേബിളുകള്‍ സ്ഥാപിക്കാന്‍ ഇരുവശത്തും തലങ്ങും വിലങ്ങും കുഴിച്ചിട്ടുണ്ട്.
എന്നാല്‍ കുഴി വേണ്ടവിധം മൂടാത്തത്തിനാല്‍ മഴക്കാലത്ത് വഴിവക്കുകള്‍ ഇടിഞ്ഞും ദ്വാരങ്ങളുണ്ടായും അഗാധഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നു. കേബിളിടാന്‍ കുഴിച്ച കുഴികള്‍ മൂടിക്കഴിഞ്ഞിട്ടും കുന്നുപോലെയാണ് മണ്ണ് പലയിടത്തും കൂടിക്കിടക്കുന്നത്. കേബിളിടാന്‍ ഇടറോഡുകളിലേക്കും മറ്റും കയറ്റി വെട്ടിയിട്ടുള്ള കട്ടിംഗ് ഭാഗങ്ങളിലെ മെറ്റലുകള്‍ ഇളകി റോഡുകള്‍ കൂടുതല്‍ താറുമാറായി.
കട്ടിംഗുകളില്‍ വീണു ഇരുചക്രവാഹനങ്ങള്‍ മറിയുന്നതു പതിവായി. കുഴികള്‍ കുഴിച്ചിട്ടിരുന്നപ്പോള്‍ മുന്നറിയിപ്പു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പെട്ടെന്നുണ്ടാകുന്ന കുഴികളില്‍ വീണും ആള്‍ക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടം സംഭവിക്കുന്നു.
കേബിളിനായി എടുത്ത കിടങ്ങുകള്‍ മൂടി ബലപ്പെടുത്താതെ റോഡു ടാര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ റോഡ് വൈകാതെ ഇടിഞ്ഞുതാഴും. കേബിളിടുന്ന പണി പലയിടത്തും പൂര്‍ത്തിയായിട്ടില്ല. കുഴിച്ചു മൂടിയയിടങ്ങള്‍ വൈകാതെ വീണ്ടും കുഴിക്കുന്നതു പതിവാണ്. ബാക്കി വന്ന കേബിളുകളും തള്ളിക്കിടക്കുന്ന കേബിള്‍ കഷണങ്ങളും റോഡില്‍ ധാരാളമായി കാണാം.
റോഡിലേക്കു തള്ളിക്കിടക്കുന്ന കേബിള്‍ ചുറ്റുകളും മണ്ണും പുല്ലും മാലിന്യവും എടുത്തുമാറ്റാതെ പോലുമാണ് ചിലയിടങ്ങളില്‍ റോഡു റീടാര്‍ ചെയ്യാന്‍ പ്രാഥമിക പ്രവൃത്തികള്‍ ചെയ്തിട്ടുള്ളത്. റോഡുവക്കു വൃത്തിയാക്കിയും റോഡിനൊപ്പം വശങ്ങളുടെ നിരപ്പ് ഉയര്‍ത്തിയും വേണം ടാറിംഗ് നടത്താനെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
















