ചെങ്ങന്നൂര്‍: അനുമതി ലഭിച്ചിട്ടും അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം ലഭ്യമാകാത്തതിനെ തുടര്‍ന്ന് സ്വന്തം സ്ഥലം സൗജന്യമായി വിട്ടു നല്‍കി വാര്‍ഡ് മെമ്പര്‍ മാതൃകയായി. ഇതോടെ മുതവഴിയില്‍ അംഗന്‍വാടി യാഥാര്‍ത്ഥ്യമായി. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ മുതവഴി അഞ്ചാം വാര്‍ഡ് ബിജെപി അംഗം മൂത്തേടത്ത് വീട്ടില്‍ എം.വി. ഗോപകുമാറാണ് മൂന്നര സെന്റ് സ്ഥലം സൗജന്യമായി അംഗന്‍വാടി കെട്ടിടത്തിനായി വിട്ടു നല്‍കിയത്.
119-ാം നമ്പരിലുള്ള അംഗന്‍വാടി വര്‍ഷങ്ങളായി വാടകകെട്ടിടത്തിലും, പിന്നീട് മുതവഴി മഹാത്മാ അയ്യന്‍കാളി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവൃത്തിച്ചിരുന്നത്. വാര്‍ഡ് മെമ്പറുടെ ശ്രമഫലമായി അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ഏഴ് ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ സ്ഥലം ലഭ്യമാകാതിരുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയി.
സ്ഥലം ലഭ്യമല്ലാതെ വന്നതോടെ എം.വി. ഗോപകുമാര്‍ മൂന്നര സെന്റ് സ്ഥലം കെട്ടിട നിര്‍മ്മാണത്തിനായി സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. തുടര്‍ന്ന് ഗോപകുമാറിന്റെയും നാട്ടുകാരുടെയും സജീവ സാന്നിധ്യമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കുന്നതിനും, പണിപൂര്‍ത്തീകരിക്കുന്നതിനും സാധിച്ചത്.
അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നലെ ജില്ലാ പഞ്ചായത്ത് അംഗം കെ.ആനന്ദവല്ലിയമ്മ നിര്‍വ്വഹിച്ചു. എം.വി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.
















