അമ്പലപ്പുഴ: ഉറ്റവരും ഉടയവരുമില്ലാതെ ആശുപത്രി കിടക്കയില്‍ തനിച്ചായ നാരായണി ഉദാരമതികള്‍ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയില്‍. മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡ് നിവാസിയായ നാരായണി(67)യാണ് ആശുപത്രി കിടക്കയില്‍ നുറുങ്ങുന്ന വേദനയോടെ കഴിയുന്നത്. കഴിഞ്ഞമാസം അഞ്ചിനാണ് ഗര്‍ഭാശയ കാന്‍സര്‍ ബാധയെ തുടര്‍ന്ന് അവിവാഹിതയായ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അര്‍ബുദ ബാധ കണ്ടെത്തിയത്. ഡോ. രാംലാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍സംഘം ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും തുടര്‍ന്നുള്ള ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് മുന്നില്‍ ഈ വൃദ്ധ പകച്ചുനില്‍ക്കുകയാണ്. അഗതി പെന്‍ഷനും ക്ഷേത്രത്തിലെ തുണി കഴുകി കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിലുമാണ് സ്വന്തമായുള്ള മൂന്ന് സെന്റ് ഭൂമിയില്‍ പഞ്ചായത്ത് വച്ച് നല്‍കിയ കൂരയില്‍ കഴിഞ്ഞത്. എന്നാല്‍ രോഗിയായതോടെ ജോലി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നേരത്തെ ഓട്ടോ തൊഴിലാളിയായ മധു എന്ന യുവാവാണ് നാരായണയെ സഹായിച്ചിരുന്നത്. ആശുപത്രിയിലെത്തിച്ചതും ഇയാളാണ്. എന്നാല്‍ ജീവിത പ്രാരാബ്ധത്തിനിടെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. വേദന കടിച്ചമര്‍ത്തി ആശുപത്രി കിടക്കയില്‍ തനിച്ചായ വൃദ്ധ കഴിയുമ്പോഴും ഉദാരമതികള്‍ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആ വൃദ്ധ.
















