മുംബൈ: ബാങ്കുകള്‍ക്ക് നല്കുന്ന വായ്പ(റിപ്പോ)യുടെ പലിശ നിരക്ക് ആര്‍ബിഐ വെട്ടിക്കുറച്ചു. കാല്‍ശതമാനം കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ സാമ്പത്തിക വിദഗ്ധരെയും അതിശയപ്പെടുത്തിക്കൊണ്ട് അരശതമാനം കുറവാണ് ആര്‍ബിഐ വരുത്തിയിരിക്കുന്നത്, 7.25 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പ്പകള്‍ അടക്കം എല്ലാ വായ്പ്പകളുടേയും പലിശ ബാങ്കുകളും കുറയ്ക്കും. ബാങ്കിങ് മേഖലയിലെ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് ആശ്വാസകരമാണ് ആര്‍ബിഐ നടപടി. ഭവന വായ്പ്പകള്‍ക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചിട്ടുമുണ്ട്.
നാണയപ്പെരുപ്പം വളരെയേറെ കുറഞ്ഞതിന്റെയും സമ്പദ്വ്യവസ്ഥ ശക്തമായതിന്റെയും വ്യക്തമായ സൂചന കൂടിയാണിത്. ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി മുറുകുമെന്ന ആശങ്കനിലനില്ക്കെയാണ് ഭാരതത്തിന്റെ ധീരമായ ഈ നടപടി. ആര്‍ബിഐ നടപടി ഉല്‍പ്പാദന, നിര്‍മ്മാണ മേഖലയടക്കം വിവിധ രംഗങ്ങളില്‍ കുതിപ്പ് പകരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
കരുതല്‍ ധനാനുപാതത്തില്‍ (കാഷ് ക്രഡിറ്റ് റേഷ്യോ സിആര്‍ആര്‍) മാറ്റം വരുത്തിയിട്ടില്ല, നാലു ശതമാനമായി തുടരും. ഈ സാമ്പത്തിക വര്‍ഷം ആര്‍ബിഐ ഇതിനകം പലിശ നിരക്ക് മൂന്നു തവണയായി 75 പോയന്റ്(0. 75 ശതമാനം) കുറച്ചുകഴിഞ്ഞു. ഇതു കൂടിയാകുമ്പോള്‍ മൊത്തം കുറവ് 1.25 ശതമാനമാകും.
സാമ്പത്തിക രംഗത്ത് കുതിപ്പുപകരാന്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. ഇതു കണക്കിലെടുത്ത് മുന്‍തവണകളിലെപ്പോലെ കാല്‍ശതമാനം കുറയ്ക്കുമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളു.
നാണയപ്പെരുപ്പം കുറഞ്ഞു. 2016-2017 ആകുമ്പോഴേയ്ക്കും ഇത് നാലു ശതമാനമായി കുറയ്ക്കാന്‍ കഴിയും, പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ച് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞു. പലിശ കുറച്ചത് വിവിധ രംഗങ്ങളിലെ നിക്ഷേപം കൂടാന്‍ വഴിയൊരുക്കും
ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള വിലക്കയറ്റം ആഗസ്റ്റില്‍ വെറും 3.66 ശതമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവ്. ഇങ്ങനെ വന്നാല്‍ 2016 ജനുവരിയില്‍ നാണയപ്പെരുപ്പം അഞ്ചു ശതമാനമായി കുറയ്ക്കാന്‍ കഴിയും. രഘുറാം രാജന് പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയായി സമ്പദ്വ്യവസ്ഥ ഏഴു ശതമാനമാണ് വളര്‍ന്നത്, ഇത് ചൈനയുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണ്.
റിപ്പോ നിരക്ക് കുറച്ചതിന്റെ ഗുണം വായ്പ്പയെടുത്തവര്‍ക്ക് ബാങ്കുകള്‍ നല്‍കുമെന്നാണ് കരുതുന്നതെന്ന് രഘുറാം രാജന് പറഞ്ഞു. റിപ്പോ നിരക്ക് കുറച്ചതിനെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വാഗതം ചെയ്തു. ഇത് സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തും. ഇത് നാണയപ്പെരുപ്പം കുറയുന്നതിന്റെ സൂചനയുമാണ്. ധനമന്ത്രി പറഞ്ഞു. റിപ്പോനിരക്ക് കുറച്ചതോടെ ഓഹരിവിപണിയില്‍ വലിയ കുതിച്ചുകയറ്റമാണ് ഉണ്ടായത്. മുന്നൂറു പോയന്റുകളാണ് വര്‍ദ്ധിച്ചത്. പ്രഖ്യാപനം വന്നതോടെ സെന്‍സെക്സ് 25287ല്‍ നിന്ന് 25703ല്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: