ആലപ്പുഴ: ചന്ദ്രനും ഭൂമിയും അടുക്കുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തു തിരകള്‍ ഉയര്‍ന്നുതുടങ്ങി. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിക്‌സ് പുന്നപ്ര കടപ്പുറത്തു നടത്തിയ പരിശോധനയില്‍ വേലിയേറ്റ സമയത്തു ജലനിരപ്പ് 20 സെന്റിമീറ്റര്‍ ഉയര്‍ന്നതായും വേലിയിറക്ക സമയത്തു 30 സെന്റിമീറ്റര്‍ ഉള്ളിലേക്കു വലിഞ്ഞതായും കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) കൊല്ലത്തെ കേന്ദ്രത്തില്‍ 1.2 മീറ്ററും കോഴിക്കോട്ടെ കേന്ദ്രത്തില്‍ 0.9 മീറ്ററും ഉയരമുള്ള തിരമാലകള്‍ രേഖപ്പെടുത്തി. ഇന്നും നാളെയും ശക്തമായ തിരകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ഇന്‍കോയിസ് മുന്നറിയിപ്പു നല്‍കി.
ഭൂമിയോട് 3,56,877 കിലോമീറ്റര്‍ അടുത്തു നില്‍ക്കുന്ന ചന്ദ്രനെ കൂടുതല്‍ വലുപ്പത്തിലും കൂടുതല്‍ തിളക്കത്തിലും കാണാമെന്നതാണു സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ പ്രത്യേകത. ചന്ദ്രന്റെ ആകര്‍ഷണം മൂലം തിരമാലകള്‍ ഉയരാമെന്നതില്‍ കടലോര മേഖല ആശങ്കയിലാണ്.
ചന്ദ്രന്റെ ആകര്‍ഷണം മൂലം ജലനിരപ്പ് ഉയരുകയും ആഴക്കടലില്‍നിന്നുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുകയും ചെയ്യുന്നതാണു കടലാക്രമണത്തിന് ഇടയാകുന്നത്. ഏകദേശം ആയിരകണക്കിന് കിലോമീറ്റര്‍ അകലെനിന്ന് ആരംഭിക്കുന്ന ശക്തമായ തിരമാല ഇന്ന് കേരള തീരത്ത് ആഞ്ഞടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. ദൂരെ നിന്ന് ഒഴുകിയെത്തുന്ന തിരകള്‍ക്കു പ്രഹരശേഷി കൂടുതല്‍ ആയിരിക്കും. ഇന്ന് പുലര്‍ച്ചെ 12.30നും 2.30നും ഇടയിലും ഉച്ചയ്‌ക്ക് 12.30നും 2.30നും ഇടയിലുമാണു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളുടെ തീരദേശ മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഇന്‍കോയിസ് അധികൃതര്‍ അറിയിച്ചു. കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്.
















