തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി ഉറപ്പുവരുത്തി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത സമരശൈലിയുമായി ബിജെപി രംഗത്ത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന കട്ടമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ വിഴിഞ്ഞത്തെ ബിജെപിപ്രവര്‍ത്തകര്‍ പ്രധാന സമുദ്രവിഭവമായ ചിപ്പി പുഴുങ്ങിയാണ് സമരം ചെയ്തത്.
മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് മാത്രമല്ല പുനരധിവാസം വേണ്ടത്. വിഴിഞ്ഞം-മുല്ലൂര്‍ പ്രദേശത്തെ കക്ക-ചിപ്പി വാരല്‍ തൊഴിലാളികള്‍, ടൂറിസം ഉപജീവനമാക്കിയവര്‍, കര്‍ഷകര്‍ തുടങ്ങി നിരവധി മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് തൊഴിലും ഭൂമിയും നഷ്ടപ്പെടുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന പാക്കേജ് കേവലം ഒരു സംഘടിത മതവിഭാഗത്തിന് മാത്രം പ്രയോജനപ്പെടുന്ന രീതിയിലാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖത്തിനും വികസനാവശ്യങ്ങള്‍ക്കും ബിജെപി എതിരല്ല. ദീര്‍ഘനാളത്തെ സംസ്ഥാനത്തിന്റെ ആവശ്യത്തിന് പ്രദേശത്ത് സ്ഥലം ഉള്‍പ്പെടെയുള്ളവ നല്‍കിയാണ് വിഴിഞ്ഞത്തുകാര്‍ സഹകരിക്കുന്നത്. അതിനാല്‍ തന്നെ അവരുടെ ജീവിതത്തിന് സുരക്ഷ വേണം. ഏര്‍പ്പെട്ടിരുന്ന തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ പകരം സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. പാക്കേജില്‍ അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസപദ്ധതിയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് സംഘടിതമതമേധാവികളുമായി മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനു മുന്നില്‍ കീഴടങ്ങുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെത്. സ്വാശ്രയ മെഡിക്കല്‍കോളേജ് പ്രവേശനത്തിലും മൂന്നാറിലെ തൊഴിലാളി സമരത്തിലും ഒക്കെ സര്‍ക്കാര്‍ മുതലാളിമാര്‍ക്കൊപ്പമായിരുന്നു. ഇത് മറ്റൊരു രൂപത്തില്‍ വിഴിഞ്ഞത്തും ആവര്‍ത്തിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചനയ്‌ക്കെതിരെയാണ് ബിജെപി സമരം ചെയ്യുന്നത്. ഇത് അതിജീവനത്തിനായുള്ള സമരമാണ്. അല്ലാതെ രാഷ്‌ട്രീപ്രേരിതമല്ല.
ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നവര്‍ക്കൊപ്പം ബിജെപി ഏതറ്റം വരെയും പോകുമെന്നും വി. മുരളീധരന്‍ പറഞ്ഞു.
രാവിലെ 7.30ന് മുല്ലൂരില്‍ നിന്നാരംഭിച്ച്, 25 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് പ്രദേശവാസികള്‍ സമരത്തിനായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. പുനരധിവാസം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കേണ്ട നിവേദനം സമരക്കാരില്‍ നിന്ന് വി. മുരളീധരന്‍ ഏറ്റുവാങ്ങി. ജി.പി. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്.സുരേഷ്, സമരസഹായസമിതി ചെയര്‍മാന്‍ ഡോ എം.പി. അനില്‍, വെങ്ങാനൂര്‍ ഗോപന്‍, മുല്ലൂര്‍ രാജന്‍, മേലൂര്‍ മോഹനന്‍, തപോവനം സുനില്‍, ബിനു, ഷാജി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: