ചേര്‍ത്തല: ആയിഷയും, കുണ്ടുണ്ണിമേനോനും പുനര്‍ജനിച്ചു, മലയാളകവിതയെ പൊന്‍ചിലങ്കയണിയിച്ച വയലാറിന്റെ ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ കൊണ്ട് തുലാഭാരം. അനശ്വര കവിയുടെ പേരിലുള്ള ശതാബ്ദിയുടെ നിറവിലെത്തിയ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുമരുകളിലാണ് വയലാര്‍ കൃതികളും കഥാപാത്രങ്ങളും പുനരാവിഷ്‌ക്കരിച്ചത്.
ചേര്‍ത്തല ഗീതാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ഡയറക്ടര്‍ പി.ജി. ഗോപകുമാറാണ് ചിത്രങ്ങള്‍ വരച്ചത്. കവിയുടെയും, അമ്മ അംബാലിക തമ്പുരാട്ടിയുടെയും, കവി ഉപയോഗിച്ചിരുന്ന മുറിയും, അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപവും ആണ് ചിത്രങ്ങളായി ചുമരുകളില്‍ ഇടം പിടിച്ചത്. വയലാര്‍ കൃതികളിലെ അവിസ്മരണീയ കഥാപാത്രങ്ങളായ ആയിഷയും, കുണ്ടുണ്ണിമേനോനും പുറമെ അഗ്നിപര്‍വതം പുകയുന്നു,
സന്ധ്യമയങ്ങും നേരം തുടങ്ങിയ സിനിമാഗാനങ്ങളും ചിത്രങ്ങള്‍ക്ക് വിഷയമായി. കവിക്ക് അമ്മയോടുണ്ടായിരുന്ന സ്‌നേഹത്തിന്റെ ആഴവും പരപ്പും കുട്ടികളില്‍ മാതൃസ്‌നേഹം വളര്‍ത്തുവാന്‍ ഉപകരിക്കുമെന്ന് ചിത്രകാരന്‍ പറയുന്നു. കവി പഠിച്ച സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ചുമരുകളിലാണ് കാഴ്ചക്കാര്‍ക്ക് വിസ്മയമായി കലാസൃഷിടി ഒരുക്കിയത്.
കവിയുടെ പത്‌നി ഭാരതി തമ്പുരാട്ടി, മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവര്‍ ചേര്‍ന്ന് ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു. ശതാബ്ദി ആഘോഷ സമ്മേളനം വയലാര്‍ രവി എംപി ഉദ്ഘാടനം ചെയ്തു. പി. തിലോത്തമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
















