അമ്പലപ്പുഴ: സൂപ്പര്‍മൂണ്‍ ഭിതിയില്‍ തീരദേശം. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന ദിവസങ്ങളില്‍ ഇതിന്റെ പ്രതിഫലനം കടലില്‍ ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ നേതൃത്വത്തില്‍ തീരപ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ തിരമാല 20 സെന്റീമീറ്ററോളം ഉയര്‍ന്നു. ഈ മാസം ആദ്യം കടല്‍ ഉള്‍വലിഞ്ഞ അപൂര്‍വ്വ പ്രതിഭാസം ഉണ്ടായ പുന്നപ്ര ചള്ളി കടപ്പുറത്ത് ഇന്നലെ കടല്‍ മുക്കാല്‍ കിലോമീറ്ററോളം കരയിലേക്കു കയറി.
കേരളത്തില്‍ ഈ വര്‍ഷം ചാകര പ്രത്യക്ഷപ്പെട്ട ഏക സ്ഥലമായ പുന്നപ്രയില്‍ ശാസ്ത്രജ്ഞസംഘം നിരീക്ഷണം ഏര്‍പ്പെടുത്തി. കേരളത്തില്‍ സൂപ്പര്‍മൂണ്‍ മൂലം ഉണ്ടാകുന്ന പ്രതിഫലനങ്ങളറിയാന്‍ ഉപഗ്രഹ നിരീക്ഷണവും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് സയന്റിസ്റ്റ് ഡോ. പി.കെ. ദിനേശ് പറഞ്ഞു.
നിലവില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും 30നോ ഒക്ടോബര്‍ ഒന്നിനോ കടല്‍ തീവ്രമാകുമെന്നും ഇദ്ദേഹം പറഞ്ഞു. കൊല്ലം, കൊച്ചി, ആലപ്പുഴ, കാസര്‍കോഡ് തീരങ്ങളിലായിരിക്കും കൂടുതല്‍ തീവ്രത അനുഭവപ്പെടുക.
ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
















