ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ നിരീക്ഷണമുറിയടക്കമുള്ള ക്രമീകരണങ്ങള്‍ ഒരാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കാന്‍ ആശുപത്രി വികസനസമിതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം. ഒരു അനസ്‌തേഷ്യ ഡോക്ടര്‍ അടക്കം 15 ജീവനക്കാരെ അത്യാഹിതവിഭാഗത്തില്‍ നിയമിക്കും. നാല് നഴ്‌സുമാരും പത്ത് ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍മാരും ഇക്കൂട്ടത്തിലുണ്ടാകും.
ട്രോമാകെയര്‍ വിഭാഗത്തിനായി സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ 3.6 കോടി രൂപയും അനുവദിച്ചിരുന്നു. കെട്ടിടനിര്‍മ്മാണത്തിന് സാങ്കേതികാനുമതി കിട്ടിയ സാഹചര്യത്തില്‍ കരാര്‍നടപടികള്‍ ആരംഭിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ ഉപകരണങ്ങള്‍ ഈ തുകയില്‍നിന്ന് വാങ്ങാനും തീരുമാനിച്ചു.
സീവേജ് പ്ലാന്റ് നിര്‍മ്മാണം വേഗം പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീന്‍ ബുധനാഴ്ച തുറക്കുന്നതിനും തീരുമാനമായി. കളക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു.
















