തലശ്ശേരി: കഴിഞ്ഞ നാലരക്കൊല്ലമായി 68 എംഎല്‍എമാരുള്ള ഇടതുമുന്നണി നടത്തിയ ഒരു സമരവും വിജയിച്ചിട്ടില്ലെന്നും എന്നാല്‍ ഒരാഴ്ചകൊണ്ട് മുന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്ക് സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞുവെന്നും ബിജെപി സംസ്ഥാന ജറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ചെറ്റംകുന്ന് മേഖലാ പദയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ വിറ്റ് കുബേരന്മാരായ തൊഴിലാളി നേതാക്കളെ ആട്ടിയോടിച്ചും ചെരിപ്പെറിഞ്ഞും ഓടിച്ചിട്ടാണ് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ ചരിത്ര സമരം നടത്തിയത്. സമരക്കാരുടെ മുന്നിലെത്തിയ സിപിഎം എംഎല്‍എ രാജേന്ദ്രനുണ്ടായ അനുഭവം ദൃശ്യമാധ്യമങ്ങളിലൂടെ നമ്മള് കണ്ടതാണ്. നാല്പത് വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്നും ചേനംപറമ്പത്ത് ഔസേപ്പിന്റെ തോട്ടം പണിക്കാരനായി എത്തിയ എംഎംമണിയുടെ ഇന്നത്തെ അവസ്ഥയും ആസ്ഥിയും എങ്ങിനെ ഉണ്ടായതാണെന്ന് അക്രമവും കള്ളപ്രചരണവും കൈമുതലാക്കി നടക്കുന്ന സിപിഎമ്മുകാര്‍ ഈ നാട്ടിലെ ജനങ്ങളോട് പറയണം. മാത്രമല്ല, എംഎം മണിയുടെ സഹോദരങ്ങള്‍ ലംബോദരന്റെ കോടികളുടെ ആസ്തിയെക്കുറിച്ചും തൊഴിലാളികളോട് വിശദീകരിക്കണം. അപ്പോഴറിയാം ഇടുക്കി ജില്ലയില്‍ മാത്രം സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും തൊഴിലാളി വഞ്ചനയുടെയും വികൃതമായ വിപ്ലവത്തിന്റെയും കഥ.
ഇടിക്കിയില്‍ മാതമല്ല കേരളത്തിലാകമാനം സിപിഎം പരിതാപകരമായ അവസ്ഥയിലാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഡല്‍ഹിയില്‍ പോയി അമിത്ഷായെ കണ്ടതിന് ശേഷം പിണറായിയും കോടിയേരിയും നല്ലത് പോലെ ഉറങ്ങിയിട്ടില്ല. ഇവരൊക്കെ ഉറക്ക ഗുളികയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. കേരളത്തിന്റെ മനസ്സ് മാറുകയാണെന്ന് ഇവര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ രണ്ടാം നവോത്ഥാനത്തിന്റെ തുടക്കം ആരംഭിച്ചുകഴിഞ്ഞു. ഹിന്ദു ജനതയെ ഒറ്റപ്പെടുത്തിയും അക്രമിച്ചും ഇല്ലായ്മ ചെയ്യാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ ഹിന്ദു ഐക്യവേദിയെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകായണ് ജനങ്ങള്‍. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കള്ളപ്രചരണമൊന്നും ഇനി വിലപ്പോവില്ല. യുഡിഎഫിന്റെ അഴിമതി ഭരണത്തിനും വര്‍ഗ്ഗീയ പ്രീണനത്തിനും എതിരെയുള്ള ജനരോഷം ഹിന്ദു ഐക്യവേദിയുടെ തേരോട്ടത്തിന് മുതല്‍കൂട്ടാണ്. അന്‍വാറുശ്ശേരിയില്‍ പോയി മദിനിയെ കെട്ടിപ്പുണര്‍ന്ന സിപിഎമ്മിന് മേമനും അജ്മലുമൊക്കെ മതേതരക്കാരായതില് അത്ഭുതപ്പെടാനില്ല. ആര്‍എസ്എസിനൊപ്പം പോകുരുതെന്ന് കോടിയേരിയും പിണറായിയും ഇപ്പോള്‍ വെള്ളാപ്പള്ളിയോട് കെഞ്ചുകയാണ്. എന്നാല്‍ ഗുരുദര്‍ശനവും കമ്മ്യൂണിസവും കടലും കടലാടിയും പോലെയാണെന്ന് ഈ നാട്ടിലെ ഹൈന്ദവ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അഡ്വ.വി.രത്നാകരന് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ എ.പി.സുരേഷ് ബാബുവിന് സുരേന്ദ്രന് പതാക കൈമാറി. അനുജിത് അമ്പാടി സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.വി.ശ്യാംമോഹന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: