ചെറുതോണി: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലും പൊളിഞ്ഞു. ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് മാറ്റുന്നുവെന്ന കള്ള പ്രചരണം നടത്തി ജന പിന്തുണ പിടിച്ചു പറ്റാനും, പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമെന്ന നിലയില്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതായും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടുവാനുമുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇന്നലെ പരാജയപ്പെട്ടത്. ഇതോടെ സംസ്ഥാന തലത്തിലും ജില്ലാ ഘടകങ്ങളും ഏറ്റെടുത്ത മുഴുവന്‍ സമരങ്ങളും പരാജയപ്പെട്ടു. സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കുന്നതില്‍ തുടങ്ങി സോളാര്സമരവും, കോഴ വിവാദവും ഉള്‍പ്പടെ സംസ്ഥാന പ്രതിപക്ഷത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ മുഴുവന്‍ അടവു നയങ്ങളും ഒന്നൊന്നായി തകരുകയായിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയുടെ നിലവാരം ജില്ലാ ആശുപത്രിയുടേതിന് തുല്യമാക്കിക്കൊണ്ട് അടുത്തിടെ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവാണ് സിപിഎം അവസാനമായി ആയുധമാക്കിയത്. ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിന്നും തൊടുപുഴയ്ക്ക് മാറ്റുന്നുവെന്നും സാധാരണക്കാരായ രോഗികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും പ്രചരിപ്പിച്ച് ജനമനസ്സുകളില്‍ ഇടം നേടാനുള്ള ശ്രമം ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ നടത്തി. എന്നാല്‍ നിജസ്ഥിതി വെളിപ്പെട്ടതോടെ ഹര്‍ത്താല്‍ പ്രഹസനമാകുമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞാണ് ഹര്‍ത്താല്‍ പ്രഖ്യാപനം പിന്‍വലിച്ചത്. ഹര്‍ത്താല്‍ താലൂക്ക് തലത്തില്‍ നടത്തണമോ, ജില്ലയില്‍ നടത്തണമോ എന്ന തീരുമാനം എടുക്കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല. ആശുപത്രി ജില്ലാ ആസ്ഥാനത്തു നിന്നും മാറ്റുന്നതിനെ എതിര്‍ക്കാന്‍ എല്‍ഡിഎഫിന്റെ ഇടുക്കി പ്രാദേശിക നേതൃത്വം മാത്രമേ ഉണ്ടാകൂ എന്നും ജില്ലയുടെ മറ്റ് മേഖലകളില്‍ നിന്നുള്ള പാര്‍ട്ടി ഘടകങ്ങള്‍ പിന്തുണയ്ക്കാനിടയില്ലായെന്നുമുള്ള ചര്‍ച്ചകള്‍ നേതാക്കളില്‍ ആശങ്കയുളവാക്കി. ഹര്‍ത്താല്‍ പ്രഖ്യാപനം വന്നതോടെ ജില്ലയിലെ ഇതര സംഘടനകളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നും ഒറ്റയ്ക്കും, കൂട്ടായുമുള്ള മുറുമുറുപ്പും സിപിഎംന് നേരെ ഉയര്‍ന്നു. ഇതിനിടെ ജില്ലാ ആശുപത്രി മാറ്റുന്നു എന്ന വിവരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണോ സിപിഎം അറിഞ്ഞത് എന്നും ആരോപണമുണ്ട്. എന്നാല്‍ ജില്ലാ ആശുപത്രി ഇവിടെ നിന്നും മാറുകയോ, ചികിത്സാ സൗകര്യങ്ങള്‍ തടസ്സപ്പെടുകയോ ചെയ്യുന്നത് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള തങ്കമണി സഹകരണ ആശുപത്രിക്ക് നേട്ടമാകുമെന്നതിനാല്‍ പ്രതികരിക്കേണ്ട സമയത്ത് മൗനം പാലിക്കുകയും, ഇപ്പോള്‍ തെരഞ്ഞെടുപ്പിന് ആയുധമാക്കുകയുമാണ് സിപിഎം നേതൃത്വം ചെയ്യുന്നതെന്നും ആരോപണമുണ്ട്. ജില്ലയിലെ ഭൂമി പ്രശ്നം ഉയര്‍ത്തിക്കാട്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൂട്ടുപിടിച്ച് പേരിന് ഒരു പാര്‍ലമെന്റ് അംഗത്തെ നേടിയെടുത്തെങ്കിലും എം പി പാര്‍ട്ടിക്ക് അത്ര തന്നെ വിധേയനാകുന്നില്ല എന്ന തോന്നല്‍ സിപിഎം നേതൃത്വത്തിനുണ്ട്. ഇതിനു പുറമേ ജില്ലയിലെ കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചതോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ മുക്കാല്‍ പങ്ക് അംഗങ്ങളും പിന്‍വാങ്ങിയെന്ന് കഴിഞ്ഞ ദിവസം നടന്ന സംരക്ഷണ സമിതിയുടെ വഴി തടയല്‍ സമരത്തില്‍ അംഗബലം കുറഞ്ഞതിലൂടെ സിപിഎമ്മിന് ബോദ്ധ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: