കണ്ണൂര്‍: റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് ഡോര്‍ ടു ഡോര്‍ ഡെലിവറി സിസ്റ്റം കൊണ്ട് വരികയും റേഷന്‍ വ്യാപാരികളുടെ കമ്മീഷന് വ്യവസ്ഥ ഒഴിവാക്കി പകരം ശമ്പള വ്യവസ്ഥ നടപ്പിലാക്കി റേഷന്‍വിതരണ രംഗത്തെ ക്രമക്കേടുകള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റേഷന്‍വിതരണരംഗത്ത് വന്‍ക്രമക്കേടുകള്‍ നടക്കാന്‍ സാധ്യതയേറെയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റേഷന്‍വ്യാപാരികള്‍ സര്‍ക്കാരിന് സൂചന നല്‍കിയതാണെങ്കിലും ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ തന്നെ സാഹചര്യം ഒരുക്കി കാഴ്ച്ചകാരായി നോക്കിനില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തി വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞ് റേഷന്‍വ്യാപാരികളെ പഴിചാരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന് വേണ്ടി പല സമരങ്ങളും ചെയ്തു. ആ സമയത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറയുകയല്ലാതെ എല്ലാം ജലരേഖയായി മാറുകയാണുണ്ടായത്. ആറുപത് വര്‍ഷം മുമ്പ് തുടങ്ങിവെച്ച വിതരണ രീതിയിലാണ് ഇന്നും റേഷന്‍വിതരണം നടക്കുന്നത്. ഇത് കൂടാതെ 25 കിലോ അരി വിതരണം ചെയ്യുമെന്ന് പത്രവാര്‍ത്ത നല്കി റേഷന്‍ വ്യാപാരികളോട് 23 കിലോ അരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും വ്യാപാരികള്‍ക്ക് വിതരണത്തിനായി 20 ഉം 22ഉം കിലോ അരി നല്‍കുകയും ചെയ്യുന്നത് പലപ്പോഴും റേഷന്‍ വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതിനൊക്കെ പുറമെ റേഷന്‍ കാര്‍ഡ് പുതുക്കലും കാര്‍ഡ് സ്റ്റാംപിങ്ങ് തുടങ്ങി പല രീതിയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ റേഷന്‍ വ്യാപാരികളുടെ തലയില്‍ കെട്ടിവെക്കാറുണ്ട്. കഴിഞ്ഞ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരിക്ക് എട്ടായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ചിലവ് വന്നിട്ടുണ്ട്. ഇതിനൊക്കെ ആവശ്യമായ സാമ്പത്തിക ചെലവ് വ്യാപാരികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടും ഇത് വരെ നടപടി കൈകൊണ്ടിട്ടില്ല. ആയതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ സൂചനയായി 28ന് സൂചനപണിമുടക്കവും അടുത്തമാസം മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്താനും വ്യാപാരികള്‍ തീരുമാനിച്ചതായി അറിയിച്ചു. പത്രസമ്മേളനത്തില്‍ ബി. സഹദേവന്, ടി.കെ.ആരിഫ്, കെ.കെ.പ്രേമരാജന്‍, എം.സുരേശന്, എ.ടി. ഷംസുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: