പരപ്പനങ്ങാടി: ചെട്ടിപ്പടി പോസ്റ്റ് ഓഫീസില്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ വലയുന്നു.
രണ്ടായിരത്തോളം പെന്ഷന് വിതരണം ചെയ്യാന്‍ ആകെ ഇവിടെയുള്ളത് ഒരു ഉദ്യോഗസ്ഥന് മാത്രം. പെന്ഷന് വിതരണം കൂടാതെ സുകന്യസമൃദ്ധി യോജന പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ പങ്കാളിയാകാന്‍ കൂടി ആളുകളെത്തുന്നതോടെ ഉദ്യോഗസ്ഥന് കുഴങ്ങിപോകുന്നു. എല്ലാംകൂടി ആകുമ്പോള്‍ ഇവിടുത്തെ പോസ്റ്റ് മാസ്റ്റര്‍ക്ക് നിന്ന് തിരിയാന്‍ പോലും സമയമില്ല.
ഇതിനിടെ കൊടക്കാട് സബ് പോസ്റ്റ് ഓഫീസിലെ അധിക ഡ്യൂട്ടിയും ഇദ്ദേഹം തന്നെ വേണം ചെയ്യാന്‍. പെന്ഷന് വിതരണത്തിന് ദിവസവും 25 ടോക്കണ്‍ നല്കി ഗുണഭോക്താക്കളെ നിയന്ത്രിക്കുന്നുണ്ട്. താപാല്‍ ഉരുപ്പടികളുടെ വിതരണത്തിന് രണ്ട് പോസ്റ്റുമാന്മാരാണ് നിലവിലുള്ളത്. പക്ഷേ കത്തുകളുടെ വിതരണവും കാര്യക്ഷമായി നടക്കുന്നില്ല. മേല്വിലാസക്കാരന് ലഭിക്കാന്‍ കാലതാമസമെടുക്കുന്നു. സ്ഥിര നിയമനത്തിലുള്ള പോസ്റ്റുമാന് എട്ട് മണിക്കൂറും താല്‍ക്കാലിക ജീവനക്കാരന് അഞ്ച് മണിക്കൂറും ജോലി ചെയ്തിട്ടും തപാല്‍ ഉരുപ്പടികള്‍ മേല്വിലാസക്കാരന് കൃത്യമായി ലഭിക്കുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ പലതുമാണ് പൊതുവെ ആളൊഴിഞ്ഞ പോസ്റ്റോഫിസുകളെ സജീവമാക്കിയത്. ചെട്ടിപ്പടി പോസ്റ്റ് ഓഫീസ് ബി ഗ്രേഡ് ആയി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെ ആവശ്യത്തിന് ജിവനക്കാരെ നിയമിക്കണമെന്ന് ബിജെപി പരപ്പനങ്ങാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. തിരൂര്‍ പോസ്റ്റല്‍ ഡിവിഷന് സൂപ്രണ്ടിനും കോഴിക്കോട് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും ഇത് സംബന്ധിച്ച് നിവേദനവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: