തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പത്മതീര്‍ഥക്കുളത്തിന്റെ നവീകരണത്തിന് സര്‍ക്കാര്‍ ഒരുകോടിരൂപകൂടി അനുവദിക്കുമെന്ന് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒരു കോടിരൂപ നേരത്തേ അനുവദിച്ചിരുന്നതായും ഇതില്‍നിന്നും 25 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് കുളത്തിലെ വെള്ളം വറ്റിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തതുള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു. കുളത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിലെ നാല് ക്ലോക്ക് റൂമുകളോടനുബന്ധിച്ച് നിര്‍മിച്ച ഡ്രസ്സിംഗ് കാബിനുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അഞ്ചുമുതല്‍ ഏഴ് കോടി രൂപവരെ ചെലവു പ്രതീക്ഷിക്കു പത്മതീര്‍ത്ഥക്കുളം നവീകരണപദ്ധതി, രണ്ടു ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കും പ്രത്യേകം കുളിക്കടവുകള്‍, ക്ലോക്ക് റൂം, കുളത്തിനോടുചേര്ന്ന് ഭക്തജനങ്ങള്‍ക്ക് മഴയും വെയിലും കൊള്ളാതെ ക്ഷേത്രദര്‍ശനത്തിനായി ക്യൂ നില്‍ക്കാനുള്ള സംവിധാനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ എട്ടു കല്‍മണ്ഡപങ്ങളും കല്‍പ്പടവുകളും നവീകരിക്കും. കുളത്തിന്റെ ചുറ്റുമതിലിനകത്ത് മൂന്നുവശങ്ങളിലും ഭക്തജനങ്ങള്‍ക്ക് നടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം ഒരുക്കും. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണച്ചുമതല. നിര്‍മാണം 2016 മേയ് 30നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഭരണസമിതി ചെയര്‍പേഴ്സണും ജില്ലാ ജഡ്ജിയുമായ വി. ഷിര്‍സി, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, കളക്ടര്‍ ബിജുപ്രഭാകര്‍, തന്ത്രി തരണനെല്ലൂര്‍ സജി നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം എസ്. വിജയകുമാര്‍, മാനേജര്‍ ഡി. വേണുഗോപാല്‍, കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ക്യാപ്റ്റന്‍ വി. സുരേഷ്ബാബു, ക്ഷേത്രത്തിന്റെ സുരക്ഷാവിഭാഗം മേധാവി ഡെപ്യൂട്ടി കമ്മീഷണര്‍ സുകുമാരപിള്ള, പ്രോജക്ട് മാനേജര്‍ ആര്. സനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: