വെഞ്ഞാറമൂട്: കുട്ടികളുടെ ദേശീയ നാടകോത്സവത്തിന് ഇന്ന് രംഗപ്രഭാതില് തിരിതെളിയും. ഇനിയുള്ള ഏഴ് രാവുകള്‍ കുട്ടികളുടെ നാടകങ്ങള്‍കൊണ്ട് സമ്പന്നമാകും. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വിവിധ ഭാഷകളില്‍ നിന്നുള്ള ഏട്ട് നാടകങ്ങളാണ് ഏഴാമത് നാടകോത്സവത്തില്‍ അവതരിപ്പിക്കുന്നത്.
പൂന അകങ്ഷ ബാലരംഗ ഭൂമി അവതരിപ്പിക്കുന്ന വിന്ദ കരണ്ണ്ടികര് രചനയും സാഗര്‍ ലോധി സംവിധാനവും നിര്‍വ്വഹിക്കുന്ന ‘പിഷി മാവഷി’ എന്ന മറാഠി നാടകമാണ് ഉദ്ഘാടന ദിവസം അവതരിപ്പിക്കുന്നത്. 26 ന് പ്രൊഫ. ജി.ശങ്കരപ്പിള്ള രചിച്ച് എസ്.അനില്‍കുമാര്‍ സംവിധാനം ചെയ്ത ‘ചിത്ര ശലഭങ്ങളും’ വയലാര്‍ വാസുദേവന്‍പിള്ള രചനയും ഡോ.രാജാവാര്യര്‍ സംവിധാനവും ചെയ്ത’തേന്‍കനി’യും രംഗപ്രഭാത് നാടകസംഘം അവതരിപ്പിക്കും. 27 ന് ജി.വിജയകുമാര്‍ സംവിധാനം ചെയ്ത തമിഴ്നാട് തഞ്ചാവൂര്‍ ഉതിരി തിയേറ്റര്‍ ലാന്‍ഡിന്റെ ‘നാടി’ അവതരിപ്പിക്കും.
28 ന് കാവാലം നാരായണപ്പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘അഗ്നിവര്‍ണ്ണന്റെ കാലുകള്‍’ രംഗപ്രഭാത് നാടക സംഘം അരങ്ങിലെത്തിക്കും. 29ന് എ.അബൂബക്കര്‍ രചനയും മനോജ് നാരായണന് സംവിധാനവും നിര്‍വ്വഹിച്ച ‘നിശബ്ദ വസന്തം’ പൂക്കാട് കലാലയ അവതരിപ്പിക്കും. 30 ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ആര്‍ട്സ് മീഡിയ ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ തെലുങ്ക് നാടകമായ ‘ വിസില്‍’ അവതരിപ്പിക്കും. ഷെക്ക് ജോണ്‍ ബഷീറാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അവസാന ദിനമായ ഒക്ടോബര്‍ ഒന്നിന് ആലിന്തറ ജി.കൃഷ്ണപിള്ള രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പൊന്‍ നാണയം’ രംഗപ്രഭാത് നാടകസംഘം അവതരിപ്പിക്കുന്നതോടെ നാകോത്സവത്തിന് തിരശ്ശീലവീഴും.
ഇന്ന് വൈകീട്ട് 6.30 ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷനായിരിക്കും.സായിഗ്രാമം ഡയറക്ടര്‍ ആനന്ദകുമാര്‍, ഡോ. ഓമനക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, ഫാദര്‍ ജോസ് കിഴക്കേടത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം സ്പീക്കര്‍ എന്‍.ശക്തന്നാടാര് ഉദ്ഘാടനം ചെയ്യും. ജോര്‍ജ്ജ് ഓണക്കൂര്‍, പിരപ്പന്‍കോട് മുരളി, നെല്ലനാട് പഞ്ചായത്ത പ്രസിഡന്റ് അനിതാ മഹേശന്, എസ്.ഹരികൃഷ്ണന്, കെ.എസ്.ഗീത തുടങ്ങിയവര്‍ സംബന്ധിക്കും.
ഏഴാമത് കുട്ടികളുടെ ദേശീയ നാടകോത്സവം, എട്ടാമത് കൊച്ചുനാരായണപിള്ള ചരമവാര്‍ഷികാചരണം എന്നിവ വെഞ്ഞാറമൂട് രംഗപ്രഭാതും കേന്ദ്ര സാംസ്കാരികവകുപ്പും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: