പേട്ട: ഉദ്ഘാടനം കഴിഞ്ഞിട്ടും വലിയതുറ സ്പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനം നിശ്ചലാവസ്ഥയില്‍. രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാത്തതാണ് പ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുന്നത്. 2014 ആഗസ്റ്റിലാണ് കേരളത്തിലെ ആദ്യത്തെ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി വലിയതുറ ഡിസ്പെന്‍സറിയെ മാറ്റുമെന്ന പ്രഖ്യാപനം മന്ത്രിതലങ്ങളില്‍ നിന്നുണ്ടായത്. ഒരുകോടി അമ്പത് ലക്ഷത്തിന്റെ അടങ്കല്‍ തുകയില്‍ 215.8 ചതുരശ്രമീറ്ററില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ എക്സ്റേ മുറിയും ലാബ് സംവിധാനവുമായിരുന്നു പദ്ധതി. സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനായിരുന്നു നിര്‍മാണച്ചുമതല. എന്നാല്‍ കഴിഞ്ഞ 8ന് ആര്‍ഭാടപൂര്‍വ്വം സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും ആധുനിക സജ്ജീകരണങ്ങള്‍ ഒന്നുംതന്നെ സാധ്യമാക്കിയിട്ടില്ല. പഴയ വാര്‍ഡിനോട് ചേര്‍ത്ത് ഇരുനില കെട്ടിടം പണിത് തീരദേശവാസികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഹസനമായിരുന്നു നടത്തിയതെന്ന പ്രചാരണമാണ് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുള്ളത്.
അതേസമയം നിലവിലുള്ള ഡിസ്പെന്സറിയില് കിടക്കുന്ന രോഗികള്‍ വേണ്ടത്ര സൗകര്യമില്ലാതെ പ്രതിസന്ധിയിലാണ്. ദ്രവിച്ച ഇരുമ്പു കട്ടിലും കീറിപ്പൊളിഞ്ഞ മെത്തയുമാണ് രോഗികള്‍ക്ക് കിടക്കയായിട്ട് നല്‍കുന്നത്. ഡോക്ടറുടെ പരിശോധന മുറിപോലും വാര്‍ഡിനുള്ളില്‍ തുണികൊണ്ട് മറച്ചയിടത്താണ്. വൈകുന്നേരങ്ങളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ ഡോക്ടര്‍മാര്‍ എത്തുന്നതും കാത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ലാബ് ടെസ്റ്റും എക്സ്റേയുമൊക്കെ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് സ്വകാര്യ ലാബുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: