ജയേഷ് മുള്ളത്ത്
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് വിനോദ സഞ്ചാരികളുടെ മനം കവരുന്ന സൗന്ദര്യത്തോടെ ഒരുങ്ങി കഴിഞ്ഞു. കേരളാംകുണ്ട് വെള്ളച്ചാട്ടവും, ചേറുമ്പ് ഇക്കോ വില്ലേജും സഞ്ചാരികളുടെ വരവിനായി കാതോര്‍ക്കുന്നു. 26നാണ് ഇവയുടെ ഉദ്ഘാടനം. ഭാരതത്തിന്റെ ടൂറിസം ഭൂപടത്തില്‍ മലപ്പുറം ജില്ലയുടെ മലയോര ഗ്രാമത്തിനും അര്‍ഹമായ സ്ഥാനം ലഭിക്കുമെന്നതില്‍ സംശയമില്ല.
സാഹസിക ടൂറിസവും പ്രകൃതി ഭംഗിയും സമന്വയിപ്പിച്ചപ്പോള്‍ കേരളാംകുണ്ട് വെള്ളച്ചാട്ടം ആരും കൊതിക്കുന്ന വശ്യസൗന്ദര്യത്തിലേക്ക് എത്തികഴിഞ്ഞു. മലമുകളില്‍ നിന്നും വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീര്‍ചാലുകള്‍ സംഗമിക്കുന്നതാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം.
കേരളത്തിന്റെ ചിറാപ്പുഞ്ചിയെന്നാണ് കല്‍ക്കുണ്ട് മേഖല അറിയപ്പെടുന്നത്. തണുത്ത കാലാവസ്ഥയാണ് എല്ലാ സമയത്തും. അപൂര്‍വ്വയിനം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം. ഈ മേഖലയില്‍ പഠനം നടത്താന്‍ ഒട്ടേറെ ഗവേഷകരും വിദ്യാര്‍ത്ഥികളും എത്തുന്നുണ്ട്. ഇതിനുപുറമെ കല്‍ക്കുണ്ടിന് സമീപമുള്ള സൈലന്റ് വാലിയില്‍ നിന്ന് ഒക്ടോബര്‍ മാസം അവസാനത്തോടെ കരുവാരക്കുണ്ടിലെത്തുന്ന വിവിധയിനം ചിത്രശലഭങ്ങള്‍ നയന മനോഹരമായ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 1350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുമ്പന്‍മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. പ്രകൃതിക്കിണങ്ങിയ ടൂറിസം പദ്ധതികളാണ് ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. കരുവാരക്കുണ്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ക്കുണ്ടിലെത്താം.
മലമുകളില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം അണിഞ്ഞൊരുങ്ങി നില്ക്കുന്ന പ്രകൃതിയുമാണ് കല്ക്കുണ്ടിനെ വിത്യസ്തമാക്കുന്നത്. വേനലിലും നിലക്കാത്ത ജലപ്രവാഹമാണ് മറ്റൊരു പ്രത്യേകത. നൂറിലധികം ഇരുമ്പ് ഗോവണികള്‍ തീര്‍ത്ത് വെള്ളച്ചാട്ടത്തിന് കുറുകെ ഇരുമ്പ് പാലവും നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ചോര്‍ന്ന് പോകാതെ ഏറ്റവും അടുത്ത് നിന്ന് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. ഭക്ഷണശാലകള്‍, ഡ്രസ്സിംഗ് മുറികള്‍, പ്രവേഗ കവാടം എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. 26ന് വൈകിട്ട് നാല് മണിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: