വിളപ്പില്‍ശാല: വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ തങ്ങള്‍ക്ക് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് നേതാക്കള്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ തമ്മിലടി തുടങ്ങി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുവാന്‍ പലയാവര്‍ത്തി വിളിച്ചുകൂട്ടിയ യോഗങ്ങള്‍ അലസിപ്പിരിഞ്ഞു. നേതാക്കള്‍ സീറ്റിനായി അവകാശവാദം തുടങ്ങിയതോടെ പലയോഗങ്ങളിലും ഗ്രൂപ്പ് പോരും മറനീക്കി പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞതവണ വനിതാസംവരണം ആയതിനാല്‍ വിളപ്പിലില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേതാക്കള്‍ക്ക് കൈവിട്ടു പോയിരുന്നു. ഇക്കുറി വിളപ്പിലില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ പ്രസിഡന്റാകാം എന്നതാണു മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുന്നത്.2010 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 വാര്‍ഡില്‍ പത്തെണ്ണത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ചെറുകോട് വാര്‍ഡില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച ബി. ഓമന ഒപ്പം ചേര്‍ന്നതോടെയാണു ഭരണത്തിലേറാന്‍ കോണ്‍ഗ്രസിനു സാധിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന എ. ബാബുകുമാറിന്റെ വാര്‍ഡ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണമായി. മറ്റേതെങ്കിലും വാര്‍ഡില്‍ മത്സരിച്ചാല്‍ പരാജയം ഉറപ്പായതിനാല്‍ കഴിഞ്ഞ തവണ ബാബുകുമാര്‍ മത്സരരംഗത്തു നിന്ന് വിട്ടുനിന്നു. പകരം സഹോദരിയായ ശോഭനകുമാരിയെ അവിടെ നിര്‍ത്തി മത്സരിപ്പിച്ചു. ഇക്കുറി ഈ വാര്‍ഡ് ജനറല്‍ വാര്ഡാകുന്നതോടെ തനിക്ക് മത്സരിക്കണമെന്നതാണു നിലവിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ബാബുകുമാറിന്റെ മോഹം. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു മറുപക്ഷം. കുടുംബ സ്വത്തുപോലെ ഒരു വാര്‍ഡ് കയ്യടക്കി വയ്ക്കാന്‍ പറ്റില്ലെന്നും ഇവര്‍ വാദിക്കുന്നു.നേതൃത്വ നിരയിലുള്ളവര്‍ മത്സരരംഗത്തു നിന്ന് മാറിനില്‍ക്കണം എന്നതാണു കെപിസിസി അദ്ധ്യക്ഷന്റെ പക്ഷം. ഒന്നിലേറെ തവണ ഒരിടത്ത് മത്സരിക്കുന്നതും കുടുംബ വാഴ്ചയും അദ്ദേഹം എതിര്‍ക്കുന്നു. എന്നാല്‍ മുന്‍കാലങ്ങളിലേതുപോലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക ഘടകത്തിന്റെ തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്കാന് അവസാന നിമിഷം നേതൃത്വം തയ്യാറാകും എന്ന കണക്കുകൂട്ടലിലാണു സ്ഥാനാര്‍ഥിമോഹികള്‍.
സംവരണ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നത് വിളപ്പിലില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ജനറല്‍ വാര്‍ഡുകളെ പ്രതിനിധാനം ചെയ്ത പുരുഷ മെമ്പര്‍മാര്‍ ആ വാര്‍ഡുകളില്‍ വനിതാ നേതാക്കളെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ വിളപ്പിലില്‍ പുതുതായി പത്ത് വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയെന്നത് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. നിലവില്‍ കോണ്‍ഗ്രസ് വനിതാ മെമ്പര്‍മാരുള്ള വെള്ളൈക്കടവ്, കരുവിലാഞ്ചി, ഹൈസ്കൂള്‍, പുളിയറക്കോണം, പിറയില്‍ എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ പുരുഷ മെമ്പര്‍മാര്‍ അരയുംതലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പരാജയം രുചിച്ച പടവന്‍കോട്, പുറ്റുമ്മേല്‍കോണം, നൂലിയോട്, മിണ്ണംകോട്, അലകുന്നം, ഓഫീസ് വാര്‍ഡ്, പേയാട്, വിട്ടിയം, തുരുത്തുംമൂല തുടങ്ങിയ വാര്‍ഡുകളിലേക്ക് കടന്നുചെല്ലാന്‍ പലര്‍ക്കും ധൈര്യം പോര. ബിജെപി പഞ്ചായത്തിലുടനീളം ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതും കോണ്‍ഗ്രസിന് ആധി കൂട്ടിയിട്ടുണ്ട്. നിലവില്‍ നാലു സീറ്റുകളുള്ള ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചോളം വാര്‍ഡുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബിജെപി വിജയിച്ച വാര്‍ഡുകളില്‍ നടപ്പിലാക്കിയ വികസനപദ്ധതികള്‍ മറ്റ് വാര്‍ഡുകളിലെ ജനങ്ങള്‍ ആകാംക്ഷയോടെ നോക്കികാണുന്നത് ഇരുമുന്നണികളെയും കുഴയ്ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ഇടതുപക്ഷത്തിന്റെ ഒത്തുതീര്‍പ്പ് സഹകരണഭരണവും മടുത്ത ജനം ഇക്കുറി മാറ്റത്തിനു വേണ്ടി പോളിംഗ് സ്റ്റേഷനിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: