കിളിമാനൂര്‍: ആര്‍എംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തിയ പോങ്ങനാട് ഗവ. സ്കൂളിന് പുതിയ മന്ദിരം നിര്‍മ്മിച്ചെങ്കിലും ഒരു ഹൈസ്കൂള്‍ കെട്ടിടത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഏറെ. പണി പൂര്‍ത്തിയായില്ലെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധൃതഗതിയില്‍ ഉദ്ഘാടനം ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതിയും സിപിഎമ്മും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതിനിടെ തടയിടാന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സും രംഗത്തെത്തി.
സ്കൂള്‍ ഉദ്ഘാടനത്തിനായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് 26ന് രാവിലെ 11 നാണ് സമയം നിശ്ചയിച്ചത്. വളരെ മുന്നൊരുക്കങ്ങളില്ലാതെ ധൃതിയില്‍ സ്വാഗതസംഘം ചേര്‍ന്നെങ്കിലും ഉദ്ഘാടകനെയോ തീയതിയോ തീരുമാനിക്കാതെയാണ് യോഗം പിരിഞ്ഞത്. എന്നാല്‍ അടുത്ത ദിവസം തന്നെ 26ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതായും ഉദ്ഘാടകനായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ക്ഷണിച്ചതായും സിപിഎം ആഭിമുഖ്യമുള്ള പിടിഎയും പഞ്ചായത്ത് ഭരണസമിതിയും വെളിപ്പെടുത്തി. സ്വാഗതസംഘം ചേരുന്നതിന് മുമ്പ് തന്നെ 26ന് ഉദ്ഘാടനം വേണമെന്ന് ബി. സത്യന് എംഎല്‍എയുടെ പ്രത്യേകതാത്പര്യപ്രകാരം വി എസ്സിനെ ഉദ്ഘാടകനായി ക്ഷണിച്ചിരുന്നതായും പറയപ്പെടുന്നു.
സ്കൂള്‍ പിടിഎ ഈ വര്‍ഷം തെരഞ്ഞെടുത്തിരുന്നില്ലെന്നും കഴിഞ്ഞവര്‍ഷത്തെ പിടിഎ തുടരുന്നതായും ആരോപണമുണ്ട്. നിലവിലെ പിടിഎ പ്രസിഡന്റ് മുമ്പ് വിഎസിന്റെ ഗണ്‍മാനായിരുന്നതിനാല്‍ ആ താത്പര്യവും മുന്നില്‍ നില്ക്കുന്നതായി പറയപ്പെടുന്നു. സ്വാഗതസംഘത്തില്‍ കാര്യമായി അഭിപ്രായം പറയാതെ യോഗം അവസാനിക്കുന്നതിന് മുമ്പ് പുറത്തുപോയ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഉദ്ഘാടകന്‍ വി എസ് ആണെന്നറിഞ്ഞതോടെ സടകുടഞ്ഞെഴുന്നേറ്റു. 26 ലെ ഉദ്ഘാടനം രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ പങ്കെടുപ്പിക്കണമെന്നും അവര്‍ ആവശ്യമുയര്‍ത്തി. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ മാത്രമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് മുന്‍നിരയിലുള്ളത്. ഇവരെ പങ്കെടുപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പാര്‍ട്ടിതലത്തില്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. 26ന് ഹര്‍ത്താലും ഇന്ന് പ്രതിഷേധയോഗവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ആരോപണപ്രത്യാരോപണങ്ങള്‍ ഉയരുമ്പോഴും സ്കൂളിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുങ്ങിയിട്ടില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന ഹൈസ്കൂളിന് മൂത്രപ്പുരപോലുമില്ല. 40 കുട്ടികള്‍ക്ക് ഒരു ശൗചാലയം എന്ന നിബന്ധനയുണ്ടെങ്കിലും 9 ക്ലാസ് മുറികള്‍ ഉള്ള സ്കൂളില്‍ ഒരു ശൗചാലയവുമില്ല. ഉദ്ഘാടനത്തിന് തൊട്ടടുത്ത അദ്ധ്യയന ദിവസം മുതല്‍ ഇവിടെ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റും പിടിഎയും അറിയിച്ചത്. എന്നാല്‍ ക്ലാസ് തുടങ്ങുന്നതിനാവശ്യമായ ഒരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല.
നിലവില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്ന പഴയ സ്കൂള്‍ മന്ദിരത്തിന് വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാല്‍ പോങ്ങനാട് മാര്‍ക്കറ്റ് നിലനില്‍ക്കുന്ന സ്ഥലത്ത് നിന്ന് 58 സെന്റ് ഭൂമി പഞ്ചായത്ത് ഭരണസമിതി ജില്ലാ പഞ്ചായത്തിന് കൈമാറുകയും തുടര്‍ന്ന് ബി.സത്യന് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 82 ലക്ഷം രൂപ അനുവദിച്ച് മന്ദിരം നിര്‍മ്മിക്കുകയുമായിരുന്നു. മന്ദിരത്തിന് സമീപമാണ് പഴയ മാര്‍ക്കറ്റിലെ അറവു മാലിന്യകേന്ദ്രം. ഇതിനു നവീകരണമില്ലാതായതോടെ വര്‍ഷങ്ങളായുള്ള അറവു മാലിന്യങ്ങള്‍ സെപ്റ്റിക് ടാങ്കിലേക്ക് തള്ളാന്‍ തുടങ്ങി. ഇത് ഇനിയും ശുചീകരിച്ചിട്ടില്ല. കുടിവെള്ള സ്രോതസ്സായി ചന്തയിലെ പഴയ കിണറാണുള്ളത്. ഇത് ചായം തേച്ച് മിനുക്കിയെങ്കിലും കിണറിനകം കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടക്കുന്നു. 5ലക്ഷം രൂപ മുടക്കി പഞ്ചായത്ത് നിര്‍മ്മിച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റ് മലിനജലം നിറഞ്ഞ് പുഴുവരിക്കുന്നു. ഇവയെല്ലാം സ്കൂള്‍ മന്ദിരത്തോട് ചേര്‍ന്ന് നില്ക്കുന്നുവെങ്കിലും ഇനിയും നീക്കം ചെയ്യുകയോ ശുചീകരിക്കുകയോ ചെയ്തിട്ടില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ പങ്കെടുപ്പിക്കാനാകാതെ പോയതിലുള്ള മോഹഭംഗത്തില് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റും സ്കൂള്‍ മന്ദിരം നില്ക്കുന്ന വാര്‍ഡിലെ മെമ്പറുമായ ആലപ്പാട്ട് ജയകുമാര്‍ അടിസ്ഥാന സൗകര്യമൊരുക്കാത്ത സ്കൂളിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് സ്വാഗതസംഘത്തില്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആഗ്രഹം സിപിഎം അട്ടിമറിച്ചതോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കാനിറങ്ങിയത്. ഉദ്ഘാടനം രാഷ്ട്രീയപ്രേരിതമെന്ന് ആദ്യം ആരോപണമുയര്‍ത്തി. ഇത് ഏല്‍ക്കാതായതോടെ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന ആരോപണമുയര്‍ത്തി പ്രതിഷേധിക്കുവാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികള്‍ക്ക് ജനങ്ങളുടെ ചിരകാല അഭിലാഷമായ ഹൈസ്കൂളിനായി ഒരു മൂത്രപ്പുരയുടെ പണംപോലും അനുവദിപ്പിക്കാന്‍ കഴിയാതെ പോയ നാണക്കേടിനെ മറയ്ക്കാന്‍ ഹര്‍ത്താലുമായി ഇറങ്ങിയതാണെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന നീക്കങ്ങളില്‍ നാട്ടുകാര്‍ മനംമടുത്തു കഴിഞ്ഞു. നാടിന്റെ സ്വപ്നമായ ഹൈസ്കൂള്‍ വികസനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന രാഷ്ട്രീയ നാടകങ്ങളില്‍ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും നാട്ടുകാരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: