ജീവിതത്തില്‍ ദുരിതങ്ങള്‍ രോഗത്തിന്റെ രൂപത്തില്‍ പിടികൂടുന്നവരുടെ നീണ്ട നിരകള്ക്കാണ് ആശുപത്രി വരാന്തകളും മുറികളും സാക്ഷ്യം വഹിക്കുന്നത്. കൈയിലിത്തിരി കാശുണ്ടെങ്കില്‍ മുന്തിയ ആശുപത്രികളില്‍ അത്യാവശ്യം സൗകര്യങ്ങളോടെ ചികിത്സ ലഭ്യമാകും. പക്ഷേ, ദൈനംദിന ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ അവസ്ഥയോ? ദയനീയം. എങ്കിലും രോഗം വന്നാല്‍ ചികിത്സിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. സര്‍ക്കാര്‍ ആശുപത്രികളാണ് ഇവര്‍ക്ക് ഏക ആശ്രയവും. എല്ലാ സേവനവും മിതമായ നിരക്കില്‍ ലഭ്യമാകുമെങ്കിലും ആ സേവനം കിട്ടണമെങ്കില്‍ മണിക്കൂറുകള്‍ ആശുപത്രി വരാന്തയില്‍ ചെലവിടേണ്ടതായും വരും. ഒരു തുള്ളി വെള്ളം കുടിക്കാതെ കൗണ്ടറുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ. കൊച്ചിയിലെ ജനറല്‍ ആശുപത്രിയും ഇതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അതിരാവിലെയെത്തി ഒപി കൗണ്ടറിന് മുന്നില്‍ വരിനില്‍ക്കുന്നവര്‍. കോതമംഗലം, കോലഞ്ചേരി തുടങ്ങി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വെളുപ്പിനെതന്നെ പുറപ്പെടുന്നവരും ഇക്കൂട്ടത്തില്ക്കാണും. ടോക്കണ്‍ കൗണ്ടര്‍ തുറക്കുന്നത് എട്ടുമണിക്കാണെങ്കിലും വെള്ളംപോലും കുടിക്കാതെയുള്ള ഒരേനില്പ്. ഇവര്ക്കൊരല്പം ആശ്വാസമായി ഇവര്‍ക്കിടയിലേക്ക് എത്തുകയാണ് എറണാകുളം ജില്ലയിലെ സേവാഭാരതി പ്രവര്‍ത്തകര്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിനങ്ങളില്‍ പ്രഭാതഭക്ഷണവുമായി. തങ്ങളാലുവന്നവിധമുള്ള ഒരു സേവനം. അതിലപ്പുറം മറ്റൊന്നും ഇവര്‍ പ്രതീക്ഷിക്കുന്നുമില്ല. ഒരു ദിവസം 350 പേര്‍ക്കുള്ള ഭക്ഷണമാണ് കരുതുക.
1000 ഇഡലിയും സാമ്പാറും ശുദ്ധീകരിച്ച കുടിവെള്ളവും ആണ് ഒരു ദിവസം തയ്യാറാക്കുന്നത്. ലളിതമായ ആഹാരം. എല്ലാവരിലേക്കും ഈ സേവനം എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കിലും കുറേയാളുകള്‍ക്കെങ്കിലും ആശ്വാസം നല്കാന് സാധിക്കുമല്ലോ എന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പറയുന്നതും. ഏകദേശം ആയിരത്തോളം പേരാണ് ജനറല്‍ ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. കൗണ്ടറിന് മുന്നില്‍ ക്യൂ നിന്ന് ടോക്കണ്‍ കിട്ടി ഡോക്ടറേയും കണ്ടിറങ്ങുമ്പോള്‍ സമയം മിക്കവാറും ഉച്ചകഴിയും. രോഗം അലട്ടുന്നതിനുപുറമെയായിരിക്കും വിശപ്പും. വിശപ്പ് സഹിച്ചാണെങ്കിലും വേണ്ടില്ല ഡോക്ടറെ കണ്ടാല്മതിയെന്നേ അവര്‍ കരുതൂ.
സ്വന്തം അനുഭവങ്ങളിലൂടെയാണല്ലോ സമാനമായ അവസ്ഥ നേരിടുന്നവരേയും തിരിച്ചറിയാനാവുകയുള്ളു. ഒരുദിവസം കോലഞ്ചേരിക്കാരനായ സേവാഭാരതി പ്രവര്‍ത്തകന്റെ അമ്മയേയും കൊണ്ട് ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഭക്ഷണം പോലും കഴിക്കാതെ ക്യൂ നില്ക്കുന്നവരുടെ അവസ്ഥ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടത്. ഈ അവസ്ഥയ്ക്കൊരു ചെറിയ പരിഹാരം എന്ന നിലയിലാണ് പ്രഭാതഭക്ഷണ കൗണ്ടര്‍ തുറന്നത്. ഇതോടനുബന്ധിച്ച് ആശുപത്രി സന്ദര്‍ശനവും സേവാഭാരതി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. രാവിലെ ഭക്ഷണം കഴിക്കാതെ ബുദ്ധിമുട്ടുന്നവരെക്കണ്ടപ്പോള് സേവന പ്രവര്‍ത്തനം ഒട്ടും വൈകാതെ തുടങ്ങണമെന്ന് ചിന്തിച്ചു. അതുപ്രകാരമാണ് ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഭക്ഷണവിതരണം ആരംഭിച്ചത്.
പ്രതിദിനം 5000 രൂപയോളമാണ് ചെലവ്. 15 ഓളം സേവാഭാരതി പ്രവര്‍ത്തകരാണ് ജനറല്‍ ആശുപത്രിയില്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട സേവനം ചെയ്യുന്നത്. 6.45 മുതല്‍ 7.15 വരെയാണ് ഭക്ഷണം ലഭിക്കുന്ന സമയം. എന്നാല്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് ജനറല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആശുപത്രിയുടെ അകത്ത് ഭക്ഷണം കൊടുക്കാന്‍ സൗകര്യം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ കൊടുത്തിരുന്നെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായിരിക്കുന്നത്. അതിനാല്‍ ആശുപത്രിക്ക് പുറത്തുവച്ച് ഡിഎംഒ ഓഫീസിനും ഒപി കൗണ്ടറിനും ഇടയിലായിട്ടുള്ള സ്ഥലത്തുവച്ചാണ് ഭക്ഷണ വിതരണം. എന്നാല്‍ മറ്റു ചില സന്നദ്ധ സംഘടനകള്‍ ഉച്ചയ്്ക്കും രാത്രിയിലും ജനറല്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്. അകത്തുവച്ച് ഭക്ഷണവിതരണം നടത്താന്‍ ഇവര്‍ക്ക് അനുമതിയുണ്ട് താനും.
മഴക്കാലമായാല്‍ വെളിയില്‍ വച്ച് ഭക്ഷണവിതരണം നടത്താന്‍ പല ബുദ്ധിമുട്ടുമുണ്ട്. എന്നാല്‍ ആ ബുദ്ധിമുട്ട് ഭക്ഷണം വാങ്ങാന്‍ എത്തുന്നവര്ക്കുണ്ടാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുന്നു. മഴ നനയാതെയിരിക്കാന്‍ വലിയ കുടകളുമായിട്ടാണ് സേവാഭാരതി പ്രവര്‍ത്തകരുടെ സേവനം. ഒപിയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് സേവനമെങ്കിലും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് സഹായത്തിനുനില്ക്കുന്നവരും ഭക്ഷണം വാങ്ങാനെത്തുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആശുപത്രി കാന്റീനിലും മറ്റും പോയി ഭക്ഷണം കഴിക്കേണ്ടിവരുന്നത് അധിക ചെലവാണ്. അങ്ങനെയുള്ളവരെ സംബന്ധിച്ച് സേവാഭാരതിയുടെ സേവനം ആശ്വാസമാണ് നല്‍കുന്നത്.
പച്ചാളത്തുള്ള, സേവാഭാരതിയോട് ആഭിമുഖ്യമുള്ള അമ്മമാരുടെ കൂട്ടായ്മയാണ് ഭക്ഷണം തയ്യാറാക്കുന്നത്. വീട്ടമ്മമാരായ സ്മിതയുടേയും സരിതയുടേയും നേതൃത്വത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഒന്നിലും ഒട്ടും കലര്‍പ്പില്ലാതെ ശുദ്ധമായിത്തന്നെ ഭക്ഷണം പാകം ചെയ്യാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. സാധന സാമഗ്രികളൊക്കെ വീട്ടമ്മമാര്‍ നേരിട്ടുപോയാണ് വാങ്ങുന്നത്. ഇതിനാവശ്യമായ തുക സേവാഭാരതി പ്രവര്‍ത്തകര്‍ ഏല്‍പ്പിക്കും. രാവിലെ ആറര മണിയാകുമ്പോഴേക്കും ഭക്ഷണം തയ്യാറാക്കി ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍, വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേല്‍ക്കണം. യാതൊരു മടിയും ഇല്ലാതെ ത്യാഗപൂര്‍ണമായ മനസ്സോടെയാണ് ഈ വീട്ടമ്മമാര്‍ സേവനം ചെയ്യുന്നത്. ഓട്ടോറിക്ഷയിലാണ് തയ്യാറാക്കിയ ഭക്ഷണം ആശുപത്രിയിലെത്തിക്കുന്നത്. ഈ ജോലി മുടങ്ങാതെ, ഏറ്റവും സമയ നിഷ്ഠയോടെ നിര്‍വഹിക്കുന്നത് ഓട്ടോ ഡ്രൈവര്‍ ജോയിയാണ്.
ഒരു ദിവസം പ്രഭാത ഭക്ഷണവിതരണത്തിന് ഏകദേശം 5000 രൂപ ചെലവുവരും. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് പ്രഭാതഭക്ഷണ വിതരണം. ശനിയാഴ്ചയാണ് ഇതിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിനായി നീക്കിവച്ചിരിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യമുള്ളവരെ സമീപിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്. ഇന്ന് ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ താല്പര്യമുള്ളവരുടെ എണ്ണം കൂടുതലാണ്. ഇതൊരു ശുഭസൂചനയാണെന്ന് എറണാകുളം ജില്ലയില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര് പറയുന്നു. ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ എളമക്കര സരസ്വതി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ജനറല്‍ ആശുപത്രിയില്‍ പ്രഭാതഭക്ഷണ വിതരണത്തിനെത്തുക. ഭക്ഷണത്തിന്റെ മഹത്വം മനസിലാക്കി, അവശത അനുഭവിക്കുന്നവരോട് അലിവുള്ളവരായിത്തീരാന് വിദ്യാര്‍ത്ഥികള്‍ക്കും ഇതിലൂടെ സാധിക്കുമെന്നുറപ്പ്.
സേവാഭാരതിയുടെ ഈ സേവനത്തിന് പിന്തുണയുമായി നിരവധി പ്രമുഖരും ഇതിനോടകം ഈ പുണ്യപ്രവൃത്തിയില്‍ സഹകരിച്ചുകഴിഞ്ഞു. ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന് ജസ്റ്റിസ് ആര്. ഭാസ്കരന്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ പ്രഭാതഭക്ഷണ വിതരണത്തിന് നേരിട്ടെത്തി തങ്ങളുടെ പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. അമ്മമാരും സ്കൂള്‍ കുട്ടികളും വരെ ഈ പ്രവൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞ് ഭക്ഷണ വിതരണത്തിന് എത്തുന്നുമുണ്ട്. ഓണക്കാലത്ത് ഉത്രാടത്തിനും തിരുവോണത്തിനും ഭക്ഷണത്തോടൊപ്പം പായസവും വിളമ്പിയാണ് ഓണത്തിന്റെ സന്തോഷം ഇവര്‍ പകര്ന്നുനല്കിയിത്.
നിര്‍ദ്ധനരായ രോഗികള്‍ സഹായം അഭ്യര്ത്ഥിച്ചെത്തിയാല് സൗജന്യമായിത്തന്നെ മരുന്നും വാങ്ങി നല്‍കാറുണ്ട്. ആര്‍എസ്എസ് ശാഖകള്‍ മുഖാന്തിരമൊക്കെയാണ് പണം കണ്ടെത്തുന്നത്. ദിവസവും 350 പേര്‍ക്ക് പ്രഭാതഭക്ഷണം നല്‍കാനേ പ്രാരംഭഘട്ടത്തില്‍ കഴിയൂ. കൂടുതല്‍ പേരിലേക്ക് എത്തണമെങ്കില്‍ കൂടുതല്‍ ധനം കണ്ടെത്തേണ്ടിയിരിക്കുന്നു. ചുരുങ്ങിയത് 1000 പേര്‍ക്ക് ഭക്ഷണം എത്തിക്കുകയെന്നതാണ് ഇനിയുള്ള ലക്ഷ്യം. പക്ഷേ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെന്ന് വിശ്വസിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ തങ്ങളുടെ പേര് എവിടേയും ഉയര്‍ത്തിക്കാണിക്കാന്‍ താല്പര്യപ്പെടുന്നുമില്ല. എല്ലാം എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണ് മുന്നോട്ടുപോകുന്നതെന്ന് ഉറച്ചുവിശ്വസിക്കുമ്പോള്‍ അവിടെ പേരിനെന്താണ് പ്രസക്തിയും.
കേരളത്തില്‍ എല്ലായിടത്തും തന്നെ സേവാഭാരതി ഇത്തരത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താറുണ്ട്. പ്രതിദിനം മുപ്പതിനായിരത്തോളം പേരിലേക്കാണ് സേവാഭാരതിയുടെ ഈ സേവനം എത്തുന്നത്. കാഞ്ഞങ്ങാട് ഗവ.ജില്ലാ ആശുപത്രി, കുറ്റിയാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കോഴിക്കോട് കോട്ടപ്പറമ്പ് ഗവ. ആശുപത്രി, മെഡിക്കല്‍ കോളേജ്, കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ഇരിങ്ങാലക്കുട താലൂക്ക് ഗവ. ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രി, ചാലക്കുടി താലൂക്ക് ഗവ. ആശുപത്രി, ചേര്‍പ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, തൊടുപുഴ താലുക്ക് ഗവ. ആശുപത്രി, ചേര്‍ത്തല താലൂക്ക് ഗവ. ആശുപത്രി, പത്തനംതിട്ട ഗവ.ജില്ലാ ആശുപത്രി, കൊല്ലം ഗവ.ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്രാ ആശുപത്രി, പേരൂര്‍ക്കട താലൂക്ക് ഗവ. ആശുപത്രി, പാലോട് താലൂക്ക് ഗവ. ആശുപത്രി തുടങ്ങി സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സേവാഭാരതി അന്നദാനം നടത്തുന്നു.
ഗ്രാമമേഖലയിലേക്കാണ് ഇനി സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നത്. ഗ്രാമവികാസമാണ് ലക്ഷ്യം. നാടന്‍ പശുക്കളെ വളര്‍ത്തി, ജൈവകൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ട് എല്ലാവര്ക്കും തൊഴില്‍ എന്നതാണ് മുന്നോട്ട് വയ്ക്കുന്ന ആശയം. കൂടാതെ പഞ്ചഗവ്യ ചികിത്സയ്ക്കും പ്രാധാന്യം നല്കുന്നു. അന്നദാനം നടത്തുന്നതും പ്രകൃതി സൗഹാര്‍ദ്ദപരമായിത്തന്നെ. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട്, ഭക്ഷണവിതരണത്തിന് പേപ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്.
ധനത്തോടും ഭൂസ്വത്തിനോടുമുള്ള ആര്‍ത്തി എത്രകിട്ടിയാലും തീരില്ല എന്നതൊരു വാസ്തവമാണ്. എന്നാല്‍ മതി എന്ന് മനുഷ്യന് പറയുന്നത് ഭക്ഷണകാര്യത്തില്‍ മാത്രമാണ്. വയറുനിറഞ്ഞാല്പ്പിന്നെ എത്ര വിഭവ സമൃദ്ധമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരുക്കിവച്ചാലും അതൊന്ന് രുചിച്ചുനോക്കാന്‍ പോലും ശരീരസ്ഥിതി അനുവദിക്കില്ല. എന്നാല്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ കഷ്ടപ്പെടുന്ന അനവധിപേരുണ്ട് നമുക്ക് ചുറ്റും. അവര്‍ക്കാവശ്യം നമ്മള് കഴിച്ചുബാക്കിവയ്ക്കുന്ന എച്ചിലല്ല. മനസുനിറഞ്ഞുകൊടുക്കുന്ന ഒരു നേരത്തെ ആഹാരത്തോളം വരില്ല മറ്റൊരു ദാനവും. അന്നദാനത്തിന്റെ മഹിമയെ മറ്റുള്ളവര്‍ പറഞ്ഞല്ല, അനുഭവിച്ചറിയാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ വിശക്കുന്നവന് മുന്നില്‍ അന്നമായി പ്രത്യക്ഷപ്പെടുന്ന ഈശ്വരനായി മാറാന്‍ നമുക്കും സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: