കാസര്‍കോട്: കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും കൊള്ളയടിച്ച പകുതിയിലേറെ സ്വര്‍ണ്ണവും പണവും കേസിലെ മറ്റൊരു മുഖ്യ പ്രതിയായ ചൗക്കി സ്വദേശിയും ബന്തിയോട് താമസക്കാരനുമായ മുജീബി (26)ന്റെ കൈവശമാണെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് വിവരം ലഭിച്ചു. മുജീബിന്റെ കൂടെ ഉള്ളത് ബാങ്ക് കൊള്ളയില്‍ പങ്കെടുത്ത ആലപ്പുഴയിലെയും ഇടുക്കിയിലെയും രണ്ട് കഞ്ചാവ് കടത്തുകാരാണെന്നാണ് ലഭ്യമായ വിവരം. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്ന ഇവരുമായി മുജീബിനാണ് നേരിട്ട് ബന്ധമുണ്ടായിരുന്നത്. കൊള്ള സംഘത്തില്‍ പങ്കാളികളായ ഇവര്‍ മുജീബിനൊപ്പം പകുതി സ്വര്‍ണ്ണവും പണവുമായി മുങ്ങിയെന്നാണ് അന്വേഷമസംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. മുജീബിന്റെ കൂടെയുള്ള കഞ്ചാവ് കടത്തുകാരുടെ കൃത്യമായ വിവരങ്ങള്‍ പോലീസിന് ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍ ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുജീബിന്റെ മൊബൈല്‍ നമ്പറിലേക്ക് വന്നതും പോയതുമായ ഫോണ്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ചെങ്കിലും കഞ്ചാവ് കടത്തുകാരെ കുറിച്ചുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ല. മുജീബിന് ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉള്ളതിനാല്‍ മറ്റു നമ്പറുകള്‍ ഏതൊക്കെയാണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മുജീബിനെ ഒഴിവാക്കി ചിലപ്പോള്‍ കഞ്ചാവ് കടത്തു സംഘം സ്വര്‍ണ്ണവും പണവുമായി മുങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം കേന്ദ്രീകരിച്ച് പോലീസ് സംഘം മുജീബിനും കൂട്ടാളികള്‍ക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുജീബിന് കഞ്ചാവ് കടത്തുകാര്‍ക്ക് പുറമെ ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കേസിലെ ബാക്കി പ്രതികളെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. അതേസമയം കവര്‍ച്ചാ സംഘത്തില്‍ പെട്ട കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ രതീഷിനെ മലപ്പുറം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ചൗക്കി അര്‍ജാല്‍ റോഡിലെ വാടക വീട്ടില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കരീം എന്ന കീരി കരീമിനെയും പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: