പാലോട്: നിരോധനങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി മലയോര മേഖലയില്‍ പാന്‍മസാല കച്ചവടം പൊടിപൊടിക്കുന്നു. ലഹരി വസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ തന്നെയാണ് രഹസ്യമായി ഇത്തരം ഉത്പന്നങ്ങള്‍ വില്ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പൊതുപ്രവര്‍ത്തകര്‍, റിട്ട.ഉദ്യോഗസ്ഥര്‍ തുടങ്ങി പൊതുജനാംഗീകാരമുള്ള പലരും ഇത്തരം വസ്തുക്കളുടെ വിപണനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നതായാണ് പോലീസ്, എക്സ്സൈസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇവ ഉപയോഗിക്കുന്നതാകട്ടെ വിവിധ യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളടക്കം ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ വരെയുണ്ട്. 500 ല്‍ അധികം പാന്‍മസാല പാക്കറ്റുകളുമായി വിതുര പോലീസിന്റെ പിടിയിലായത് മുന്‍ ബ്ളോക്ക് പഞ്ചായത്ത് മെംബറാണ്.
കേരളത്തില്‍ ലഹരി വസ്തുക്കള്‍ക്ക് നിരോധനമുള്ളതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഗുഡ്ക, പാന്‍മസാല എന്നിവയാണ് മലയോര മേഖലയില്‍ സജീവമായി വില്‍ക്കപ്പെടുന്നത്. പ്രധാനമായും ഹൈസ്കൂളുകളുടെ പരിസരം കേന്ദ്രീകരിച്ചാണ് കച്ചവടം. പാന്‍ ഷോപ്പുകളിലും സ്റ്റേഷനറി കടകളിലും രഹസ്യമായിട്ടാണ് വില്‍പ്പന. സ്കൂള്‍ പരിസരത്ത് മിഠായി വില്‍ക്കുന്നവരിലും ഒളിച്ച് പാന്‍മസാല വില്‍ക്കുന്നുണ്ട്. തമിഴ്നാട്ടില്‍ സുലഭമായ ലഹരി വസ്തുക്കള്‍ ട്രാന്‍സ്പോര്‍ട്ട് ബസുകളിലാണ് അതിര്‍ത്തി കടന്നെത്തുന്നത്. വിലകൂടിയ കാറുകളില്‍ വിനോദ സഞ്ചാരികളെന്ന വ്യാജേനയും ഇത്തരം വസ്തുക്കള്‍ കടത്തികൊണ്ടുവരുന്നുണ്ട്. ചെക്കുപോസ്റ്റിലടക്കം കാര്യമായ പരിശോധനയില്ലാത്തതിനാല്‍ അതിര്‍ത്തിക്കിപ്പുറമുള്ള പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലടക്കം ഇവ യഥേഷ്ടം ലഭിക്കുന്നു. ബസുകളില്‍ ഉടമസ്ഥനില്ലയെന്ന വ്യാജേനയാണ് ഇവ അടങ്ങിയ ചാക്കുകെട്ടുകള്‍ കടത്തുന്നത്.
സ്കൂള്‍ പരിസരത്ത് 100 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന പാടില്ലെന്ന നിയമമുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നന്ദിയോട്, പനവൂര്‍, പെരിങ്ങമ്മല, ചിതറ, പാങ്ങോട് പഞ്ചായത്തുകളിലെ ഹൈസ്കൂള്‍ പരിസരത്ത് ഇവയുടെ വില്‍പ്പന സജീവമായതായാണ് എക്സൈസ് അധികൃതര്‍ നല്കുന്ന സൂചന. ഇത്തരം ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ മിക്കതിനും ലൈസന്‍സ് പോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ലൈസന്‍സില്ലാത്ത കടകള്‍ അടച്ചുപൂട്ടാന്‍ അധികാരമുണ്ടെങ്കിലും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ലൈസന്‍സ് അടിയന്തരമായി എടുക്കണമെന്നോ കാലാവധി കഴിഞ്ഞവ പുതുക്കണമെന്നോ കാട്ടി നോട്ടീസ് നല്കിക്കഴിഞ്ഞാല് പിന്നീട് ബന്ധപ്പെട്ടവര്‍ ഈ വഴി തിരിഞ്ഞു നോക്കില്ല. ഇതൊക്കെയാണ് പാന്‍മസാല പോലുള്ള നിരോധിത ഉത്പന്നങ്ങള്‍ വില്‍പ്പന വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: