കണ്ണൂര്‍: കെല്‍ട്രോണില്‍ പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടി റിട്ടയര്‍ ചെയ്ത ജീവനക്കാരില്‍ ചിലര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ പുനര്‍ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ കെല്‍ട്രോണിലെ സ്ഥിരം, കരാര്‍, കാഷ്വല്‍ തൊഴിലാളികള്‍ മുന്നാര്‍ സമര രീതിയില്‍ ട്രേഡ് യൂണിയനുകളെ ഒഴിവാക്കി പ്രക്ഷോഭത്തിനൊരുങ്ങുന്നു. റിട്ടയര്‍ ചെയ്ത ജീവനക്കാരെ പുനര്‍ നിയമിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നടന്ന ട്രേഡ് യൂണിയന് പ്രതിനിധികളുടെ യോഗത്തില്‍ കെല്‍ട്രോണ്‍ എംഡിഅവതരിപ്പിച്ചുവെങ്കിലും ഇതിനെതിരെ പ്രമുഖ യൂണിയന് നേതാക്കള്‍ പ്രതികരിക്കാത്തതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്. ഐഎന്‍ടിയുസി, സ്വതന്ത്ര തൊഴിലാളി യൂണിയന് എന്നിവരുടെ പ്രതിനിധികള്‍ ഈ കാര്യത്തില്‍ മൗനം പാലിക്കുകയും ഓര്ഗനൈസേഷന് പ്രതിനിധികള്‍ എതിര്‍ക്കുകയും ചെയ്തു. വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി ഇതിനുള്ള അംഗീകാരം നേടിയെടുക്കാനായി എംഡി ശ്രമിക്കുന്നതായാണ് സൂചന. കരാര്‍ കാഷ്വല്‍ തൊഴിലാളികളെ സ്ഥിര നിയമനമെന്ന മോഹവലയില്‍ കുടുക്കി തങ്ങളുടെ യൂണിയനിലെ അംഗത്വം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് യൂണിയനുകള്‍ നടത്തുന്നതെന്നും തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു. സാങ്കേതിക യോഗ്യതകളും ദീര്‍ഘകാല തൊഴില്‍ പരിചയവുമുള്ള യുവതീയുവാക്കളെ ഒഴിവാക്കി അറുപത് വയസ്സിനോടടുക്കുന്ന വൃദ്ധന്മാരെ ഇത്തരം സ്ഥാനങ്ങളില്‍ പുനര്‍ നിയമിക്കാനുള്ള നീക്കങ്ങള്‍ക്കുപിന്നില്‍ ട്രേഡ് യൂണിയനുകളുടെ പിന്തുണയുമുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഈ നീക്കത്തിനെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങാനുള്ള തെയ്യാറെടുപ്പിലാണ്. കെല്‍ട്രോണിലെ സിഐടിയു യൂണിയന്റെ ഭാരവാഹികളായിരുന്നവരും ഇപ്പോള്‍ ലൈന്സൂപ്പര്വൈസറായി ജോലിനോക്കുന്നതുമായ രണ്ട് ജീവനക്കാര്‍ ഈ മാസം റിട്ടയര്‍ ചെയ്യുന്നുണ്ട്. താല്കാലിക ചുമതലയില്‍ അധികാരമേല്‍ക്കുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത മുന്‍ എംഡി സിപിഎം മുന്‍ സംസ്ഥാനസെക്രട്ടറിയുടെ മരുമകന്, കെല്‍ട്രോണിലെ ട്രേഡ് യൂണിയനുകളുടെ ചില പ്രധാന പ്രവര്‍ത്തകര്‍ എന്നിങ്ങനെ പലരും ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി റിട്ടയര്‍ ചെയ്യും ഇവരില്‍ പലര്‍ക്കും കരാര്‍ നിയമനം നല്കാന് വേണ്ടിയാണത്രേ ഇപ്പോഴുള്ള നീക്കം. നേരത്തേ, എംഡിയുടെ താല്കാലിക ചുമതലവഹിക്കുകയും ഈ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലാത്തതിനാല് ഒഴിവാക്കണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെടികയും ചെയ്ത ജനറല്‍ മാനേജര്‍ ഇപ്പോള്‍ ഒരുവര്‍ഷ കരാറടിസ്ഥാനത്തില്‍ ഇവിടെ ജോലി നോക്കുന്നുണ്ട്. മാര്‍ക്കറ്റിംഗ് രംഗത്ത് ഒരു കഴിവും കാണിക്കാത്ത മറ്റൊരു മാനേജര്‍ക്ക് രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ ഒരു വര്‍ഷകാലത്തേക്ക് കരാര്‍ നിയമനം ലഭിച്ചിട്ടുണ്ട്. പേഴ്സണല്‍ മാനേജറായി മൂന്ന് വര്‍ഷ കരാറില്‍ നിയമിതനായ മറ്റൊരാളും അഞ്ച് വര്‍ഷക്കാലമായി ഇവിടെ തുടര്‍ന്നുവരികയാണ്. ജില്ലയിലെ പ്രമുഖ എംഎല്‍എയുടെ പിന്‍ബലത്തിലാണ് ഇയാളിപ്പോള്‍ തുടരുന്നത്. ദിവസക്കൂലി അടിസ്ഥാനത്തില്‍ പത്തുമുതല്‍ പതിനഞ്ച് വര്‍ഷം വരെ ജോലിനോക്കുന്ന നൂറിലധികം പേര് കണ്ണൂര്‍ കെല്‍ട്രോണില്‍ ഇപ്പോഴുമുണ്ട്. ഇവരെല്ലാം വിവിധ സാങ്കേതിക യോഗ്യതയുള്ളവരുമാണ്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പത്ത് വര്‍ഷത്തിലേറെ കാലാവധി പൂര്‍ത്തിയാക്കിയ കരാര്‍ കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നിര്‍ദ്ദേശം കെല്‍ട്രോണ്‍ മാനേജ്മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. ഇതില്‍ പലര്‍ക്കും ഇപ്പോള്‍ 35 വയസ്സ് പ്രായം കഴിഞ്ഞതിനാല്‍ ഇനി കരാര്‍ പുതുക്കേണ്ടതില്ലെന്ന് യുഡിഎഫ് സര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ മുന്നാര്‍ മോഡല്‍ സമരത്തിനായി ഒരുങ്ങുന്നത്. റിട്ടയര്‍ചെയ്ത ജീവനക്കാരെ ഒരുതരത്തിലും പുനര്‍ നിയമനം നടത്താന്‍ അനുവദിക്കില്ല എന്നാണ് തൊഴിലികള് നല്കുന്ന സൂചന. പ്രമുഖരായ ഭരണപ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കളാണ് കെല്‍ട്രോണിലെ തൊഴിലാളി യൂണിയനുകളുടെ സാരഥികള്‍. കോണ്‍ഗ്രസ് നേതാവ് പാലോട്ട് രവി എംഎല്, സി.പി.ഐ നേതാവ് സി.ദിവാകരന് എംഎല്‍എ, ലീഗ് നേതാക്കളായ കെ.എം.ഷാജി എംഎല്‍എ., അബ്ദുറഹിമാന് രണ്ടത്താണി എംഎല്‍എ, സിപിഎംനേതാവ് എം.വി.ജയരാജന് എന്നിവരാണ് ട്രേഡ് യൂണിയനുകളുടെ ചുക്കാന്‍ പിടിക്കുന്നത്. എന്നിട്ടും 2012 മാര്‍ച്ച് 31ന് അവസാനിച്ച കെല്‍ട്രോണ്‍ തൊഴിലാളികളുടെ ശമ്പള പരിഷ്കരണ കരാര്‍ 42 മാസം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല. കെല്‍ട്രോണ്‍ ട്രേഡ് യൂണിയന് നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് ഇതിന് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. ഈ ഘട്ടത്തിലാണ് തൊഴിലാളികള്‍ സമര രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: