കണ്ണൂര്‍: കണ്ണൂര്‍ വനിതാ സ്പോര്‍ട്സ് ഹോസ്റ്റലില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ സംഭവം വിരല്‍ ചൂണ്ടുന്നത് അധികൃതരുടെ അനാസ്ഥയിലേക്ക്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും പൂര്‍ണആരോഗ്യം വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ബിരിയാണിയും ഐസ്ക്രീമും കഴിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. എന്നാല്‍ ബിരിയാണിയും ഐസ്ക്രീമും കഴിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അസ്വസ്ഥത അനുഭവപ്പെട്ട് രാവിലെ ജില്ലാ ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഛര്‍ദ്ധിയും വയറുവേദനയും തുടങ്ങിയ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാതെ തിരിച്ചയച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടക്കത്തില്‍ വളരെ ലാഘവ ബുദ്ധിയോടെ വിദ്യാര്‍ത്ഥികളെ സമീപിച്ച ആശുപത്രി അധികൃതര്‍ പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തിയപ്പോള്‍ മാത്രമേ സംഭവം ഗൗരവമായി എടുത്തുള്ളു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു.
ഹോസ്റ്റലിന്റെ പരിമിതികളും അനാരോഗ്യകരമായ ചുറ്റുപാടുകളും നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയുമെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന കുടിവെള്ളം സംബന്ധിച്ചും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഹോസ്റ്റലിനകത്തെ മെസ്സിനോട് ചേര്‍ന്ന ഭാഗത്താണ് ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ താമസിക്കുന്നത്. ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കാത്ത നിലയിലാണ് ഈ ഭാഗം.
മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്സ് ഹോസ്റ്റല്‍ ആരംഭിച്ചത്. എന്നാല്‍ ഇവരുടെ കായിക ക്ഷമതയോ വ്യക്തിത്വ വികസനമോ സാധ്യമാക്കുന്ന സാഹചര്യം ഇവിടെ ലഭ്യമല്ല എന്നതാണ് വസ്തുത. അടിസ്ഥാന സൗകര്യത്തിനാവശ്യമായ മുറവിളി ഉയര്‍ന്നാലും അധികൃതര്‍ പരിഗണിക്കാത്തതിനാല്‍ ഇപ്പോള്‍ മിക്ക വിദ്യാര്‍ത്ഥികളില്‍ നിന്നും കാര്യാമായ പ്രതികരണങ്ങളുമുണ്ടാകാറില്ല. പ്രതിഷേധ ശബ്ദങ്ങള്‍ പതിക്കുന്നത് ബധിര കര്ണ്ണങ്ങളിലാണെന്ന തിരിച്ചറിവ് തന്നെയാണ് ഇതിന് കാരണം. ശുചിത്വ സംവിധാനമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ ഇതിലും വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഹോസ്റ്റലിലുണ്ടാവുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: