കാസര്‍കോട്: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ തെക്കന്‍ കേരളത്തിലെ ഭൂരിഭാഗം വനപ്രദേശങ്ങളും ഉള്‍പ്പെട്ടതോടെ ക്വാറി മാഫിയ ജില്ലയില്‍ പിടിമുറുക്കാന്‍ തുടങ്ങി. കാസര്‍കോടുള്ള പല വന പ്രദേശങ്ങളും പരിസ്ഥിതി ലേല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തായതോടെയാണ് തെക്കുനിന്നുള്ള മാഫിയയുടെ കടന്ന് കയറ്റം വ്യാപിച്ചത്.
വനാതിര്‍ത്തിയോടു ചേര്‍ന്ന് ആരംഭിക്കാനൊരുങ്ങുന്ന ഖനന വ്യവസായ കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പടയംകല്ല് ചോലമല സംരക്ഷണസമിതി ഭാരവാഹികളായ വാര്‍ഡംഗം ടി.പി.തമ്പാന്, ചോലമല സംരക്ഷണസമിതി രക്ഷാധികാരി പി.സുരേഷ്കുമാര്‍, സി.സുരേഷ്കുമാര്‍, എം.കുഞ്ഞമ്പു, സി.കൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബളാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാലോം പടയംകല്ല് കുണ്ടുപ്പള്ളിയില്‍ പരിസ്ഥിതി ലോല വനമേഖലയുടെ രണ്ടരകിലോമീറ്ററോളം ഉള്‍ഭാഗത്തായുള്ള സര്‍വേ നമ്പര്‍ 146/4 എ2വില്‍പെട്ട കുണ്ടുപ്പള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 120 ഏക്കറോളം സ്ഥലത്താണ് കരിങ്കല്‍ ക്വാറിയും ക്രഷറും എം സാന്‍ഡ് യൂണിറ്റും പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്.
ചൈത്രവാഹിനി പുഴയുടെ പുഴയുടെ ഉത്ഭവസ്ഥാനത്തോടു ചേര്‍ന്ന് ഇതു സ്ഥിതി ചെയ്യുന്നത്. 500-600 അടിക്കുമേലെ ഉയരമുള്ള മൂന്നിലധികം വെള്ളചാട്ടങ്ങള് ഇവിടെയുണ്ട്. ഈ വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതായാല്‍ മാലോം ചാല് ഏറ്റവും സമീപഭാവിയില്‍ തന്നെ വറ്റിവരളും. പരിസരപ്രദേശങ്ങളിലെയും താഴ്വരകളിലെയും ആയിരക്കണക്കിനായ ജനങ്ങളുടെ കുടിവെള്ളത്തിനും കൃഷിയിടത്തിലേയ്ക്കുള്ള വെള്ളത്തിനും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുകയും ലഭ്യമാകുന്നത് മലിനമാവുകയും ചെയ്യും.
ബളാല്‍ പഞ്ചായത്തിലെ തന്നെ മുത്തപ്പന്‍മല ക്വാറി ഇതിനുദാഹരണമാണെന്നു സംരക്ഷണസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. 12 സെന്റില്‍ ആരംഭിച്ച കരിങ്കല്‍ ഖനനം 50 ഏക്കറില്‍ വ്യാപിച്ചപ്പോള്‍ 250 അടി താഴ്ചയുള്ള കുഴല്‍ കിണറിലെ വെള്ളം പോലും പാറയുടെ വിള്ളലിലൂടെ ഒലിച്ചിറങ്ങിയ വെടിമരുന്ന് കലര്‍ന്നതായിരുന്നു.
1.60 കോടി രൂപ ചെലവിലാണു പദ്ധതി സ്ഥാപിക്കുന്നത്. 392.5 എച്ച്പി ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകളും ഇവയ്ക്കു വൈദ്യുതി ലഭിക്കുന്നതിനായി 500 കെവിഎ ജനറേറ്ററും വനത്തിന്റെ സ്വാഭാവികതയെ ഗുരുതരമായി ബാധിക്കും. പശ്ചിമഘട്ട മലനിരയിലെ പ്രധാന ആനത്താരയിലാണ് ക്രഷറിനുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് ഫില്ലറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 30 ഓളം ആനകള്‍ കൂട്ടമായി കുഞ്ഞുങ്ങളോടുകൂടി ചുറ്റിത്തിരിയുന്നത് നിത്യകാഴ്ചയാണ്. ഈ തോട്ടത്തിനത്തെ കൃഷിയും ഷെഡ്ഡും ക്വാറിയുടെ വെടിമരുന്ന് ശാലയുടെ സംരക്ഷണവേലിയും കാട്ടാനകള്‍ തകര്‍ത്ത നിലയിലാണ്.
ഈ ഖനനവ്യവസായം പ്രവര്‍ത്തനമാരംഭിച്ചാല്‍ ആനകൂട്ടങ്ങള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലിറങ്ങി വ്യാപകനാശം വിതയ്ക്കുമെന്നു ജനങ്ങള്‍ ഭയപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന കാട്ടുപോത്ത്, മാന്‍, പുള്ളിപ്പുലി, വരയാട് തുടങ്ങിയ വന്യജീവികളും ഇവിടെ ധാരാളമുണ്ട്. ഇവ കൂട്ടത്തോടെ നശിക്കാനും ഖനനവ്യവസായം കാരണമാകും. ആയിരം അടിക്കുമേലെ നില്ക്കുന്ന പാറകള്‍ സ്ഫോടനത്തില്‍ തകര്‍ക്കുമ്പോള്‍ സമീപപ്രദേശത്തു സ്ഥിതിചെയ്യുന്ന പുഞ്ച എഎല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുടെ ജീവന് ഇതു ഭീഷണിയാകും. 90% ആദിവാസി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണിത്.
30ഓളം ആദിവാസി കുടുംബങ്ങളിലായി 150ഓളം പേര് ഇവിടെ താമസിക്കുന്നു. ക്രഷര്‍/ക്വാറി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതോടെ മറ്റു ക്വാറി പ്രദേശങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവര്‍ നരകയാതന അനുഭവിക്കേണ്ടി വരികയും നിസാരവിലയ്ക്കു സ്ഥലം ക്വാറി ഉടമയ്ക്കു വില്‍ക്കുകയും ചെയ്യേണ്ടിവരും.
ഖനനവ്യാവസായ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ചോലമല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ക്വാറി പ്രദേശത്ത് ഈ മാസം അവസാനവാരം മുതല്‍ അനിശ്ചിതകാല സായാഹ്ന ധര്‍ണാസമരം ആരംഭിക്കാനുള്ള തയ്യറെടുപ്പിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: