കാഞ്ഞങ്ങാട്: ബാലഗോകുത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹമദ്ധ്യത്തില്‍ എതിര്‍ക്കപ്പെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കാഞ്ഞങ്ങാട് അമ്മനവര്‍ ദേവസ്ഥാന പരിസരത്ത് സാര്‍വജനിക ശ്രീഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍. 1940 കളില്‍ തൊടിയിലേക്ക് വലിച്ചറിയപ്പെട്ട ഹിന്ദുക്കളുടെ ആചാര അനുഷ്ടാനങ്ങളെ ഇന്ന് ബാലഗോകുലം വഴി സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. നമ്മുടെ മക്കള്‍ അവന്റെ സംസ്കാരത്തെപ്പറ്റിയും സ്വത്വത്തെപ്പറ്റിയും ബാലഗോകുലത്തിലൂടെ അറിവ് നേടുന്നു. ഹിന്ദു ഒന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഇവിടുത്തെ ചില മതേതര പാര്‍ട്ടികളും മതങ്ങളും ഞെട്ടലോടെയാണ് കാണുന്നത്. ഇതാണ് ബാലഗോകുലത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കാരണമെന്നും ടീച്ചര്‍ പറഞ്ഞു.
സമൂഹത്തിന് വേണ്ടിയാണ് ബാലഗോകുലം രൂപപ്പെടുത്തിയത്. സാര്വജനീക ഗണേശോത്സവങ്ങള്‍ ഹൈന്ദവീകതയെ മുന്നോട്ട് നയിക്കാനുള്ളതാകണം. ഇന്ന് ഹിന്ദുവെന്ന് പറയാന്‍ പലര്‍ക്കും അപകര്‍ഷതയാണ്. ഗണേശോത്സവങ്ങളിലൂടെ ഇതിന് മാറ്റമുണ്ടാകണം. വ്യക്തി ബന്ധങ്ങള്‍ അതിര് വിട്ട് നില്ക്കുന്ന കാലത്ത് ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാനുള്ള സന്ദേശമായിരിക്കണം ഗണേശോത്സവങ്ങള്‍. ആചാരങ്ങള്‍ പരസ്യമായി ആചരിക്കാന്‍ തയ്യാറാകണം. ഹിന്ദു എന്നത് വെറും ഒരു ആള്‍ക്കൂട്ടമായാല്‍ പോരാ. ഐക്യബോധമുള്ള ജനതയായി നാം മാറേണ്ടതുണ്ട്. അച്ചനെയും അമ്മയെയും വലംവെച്ച് അറിവിന്റ ജ്ഞാനപഴം നേടാന്‍ കുട്ടികള്‍ ശീലിക്കണം. അച്ചനും അമ്മയും കഴിഞ്ഞേ മറ്റുലോകമുള്ളു എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകണം. ഇവിടെയാണ് ബാലഗോകുലത്തിന്റെ പ്രശക്തി. സംസ്കാരവും പൈതൃകവും പകര്‍ന്നു നല്കുന്ന പ്രവര്‍ത്തനമാണ് ബാലഗോകുലം ചെയ്തുവരുന്നത്. സംസ്കാരമെന്തെന്നുള്ള തിരിച്ചറിവ് നേടുന്നതാണ് ചിലരെ പ്രകോപിതരാക്കുന്നത്. ഹിന്ദുവിനെ ഭിന്നിച്ച് നിര്‍ത്താനുള്ള ശ്രമമാണ് എക്കാലവും മതേതരക്കാര്‍ ചെയ്യുന്നത്. ശ്രീകൃഷ്ണജയന്തിയെ എതിര്‍ത്തവര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ തയ്യാറായതുപോലെ ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചവര്‍ അതേ പാതയിലേക്ക വരുന്നത് വൈയ്കാതെ നാം കാണും. ഈശ്വരനോട് തെറ്റ് ചെയ്താല്‍ ഗുരു നമ്മെ ഉപദേശിക്കും. എന്നാല്‍ ഗുരുവിനോട് തെറ്റ് ചെയ്താല്‍ അത് അനുഭവിച്ച് തന്നെ തീര്‍ക്കണമെന്നും ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് എം.കൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ ശിവഗിരി മഠം, രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, എച്ച്.പ്രഭാശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു. കെ.വി.ഗണേശന് സ്വാഗതവും എച്ച്.ആര്.ശ്രീധര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: