കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയില്‍ മരക്കാര്‍ കണ്ടിയില്‍ ആരംഭിക്കുന്ന അറവുശാലാ പദ്ധതി ഉപേക്ഷിക്കണമെന്ന് അറവുശാലാവിരുദ്ധ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരുകോടിഎട്ടുലക്ഷം രൂപ ചെലവഴിച്ചാണ് അറവുശാല നിര്‍മിക്കുന്നത്. ജനവാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന അറവുശാലക്കെതിരെ 2002 മുതല്‍ തന്നെ ജനങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. നിര്‍മ്മാണ പ്രവൃത്തി നിയമവിരുദ്ധമാണ്. ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് കേട്ടതിന് ശേഷം മാത്രമേ അറവുശാല സ്ഥാപിക്കാന്‍ പാടുള്ളു. എന്നാല്‍ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതും, ഒട്ടേറെ മലിനീകരണ സാധ്യതയുള്ളതുമായ അറവുശാലക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഫണ്ടിന് പുറമെ ശുചിത്വ മിഷന് കൂടി ഫണ്ട് നല്‍കുന്നുണ്ട്.
അറവുശാലയോട് ചേര്‍ന്നാണ് പട്ടികവിഭാഗക്കാര്‍ക്കുള്ള 56 ക്വാര്‍ടേഴ്സ് പണിതിരിക്കുന്നത്. ഭവന നിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച മഖ്യമന്ത്രി, മന്ത്രി എ.പി.അനില്‍കുമാര്‍ എന്നിവരില്‍ നിന്ന് റവുശാലയുടെ കാര്യം ബോധപൂര്‍വ്വം മറച്ച് വെക്കുകയായിരുന്നു. ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് അറവുശാല അനുവദനീയമല്ലെന്ന് മന്ത്രി അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിവരം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് സൗജന്യമയി കിട്ടുന്നതല്ലേ എന്നായിരുന്നു പ്രതികറമം. ക്വാര്‍ട്ടേഴ്സ് ഗുണഭോക്താക്കള്‍ക്ക് കൈമാറാതെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചത് അടുത്തകാലത്ത് വിവാദമായിരുന്നു. അറവുശാലയുടെ പണി തീരുന്നതുവരെ ക്വാര്‍ട്ടേഴ്സ് ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്വാര്‍ട്ടേഴ്സുകള്‍ അര്‍ഹരായവര്‍ക്ക് കൈമാറുന്നതോടൊപ്പം അറവുശാലാ പദ്ധതി ഉപേക്ഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അറവുശാലാ വിരുദ്ധസമിതി കണ്‍വീനര്‍ കെ.നാസര്‍, ഗോത്രമഹാസഭ കണ്‍വീനര്‍ എം.ഗീതാനന്ദന്, കേരളാ സ്റ്റേറ്റ് പട്ടികജനസമാജം സെക്രട്ടറി പ്രകാശന് മൊറാഴ, കെ.പ്രദീപ് കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: