കണ്ണൂര്‍: വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ പ്രകടനവും പൊതുയോഗവും നടന്നു. കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രകടനത്തിനു ശേഷം പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ തനിച്ചിറങ്ങി നടത്തിയ സമരം ഇടുക്കിയിലെ ടാറ്റാഭൂമിയിലെ തൊഴിലാളികളെ വര്‍ഷങ്ങളായി ചൂഷണം ചെയ്ത് മുതലാളിമാര്‍ക്കു വേണ്ടി കങ്കാണിപണിയെടുക്കുന്ന ഇടത്-വലത് ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്ക് കിട്ടിയ തിരിച്ചടിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എം.പി.രാജീവന് പറഞ്ഞു. വര്‍ഷങ്ങളായി ഇവിടെ ഇടത്-വലത് യൂനിയന്‍ നേതാക്കളും ഒത്തുകളിക്കുകയാണ്. ഇടത്-വലത് ട്രേഡ് യൂനിയന്‍ നേതാക്കളില്‍ പലര്‍ക്കും മൂന്നാറിലെ മുതലാളിമാരുമായി രഹസ്യ ബന്ധമാണുളളത്. ഇത് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുള്‍പ്പെടെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത്തരം തൊഴിലാളി നേതാക്കളോടുളള അരിശം തീര്‍ക്കാനാണ് സ്ത്രീ തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. കേരളത്തിലെ തോട്ടം മേഖലയുള്‍പ്പെടെയുളള ഇടങ്ങളില്‍ ബിഎംഎസിന്റെ കടന്നു വരവിനെ ഇടത്-വലത് ട്രേഡ് യൂനിയനുകള്‍ ഭയപ്പെടാന്‍ കാരണം മുതലാളിമാരുമായുള്ള യൂണിയനുകളുടെ ഇത്തരം ബാന്ധവങ്ങള്‍ പുറത്തുവരുമെന്നതിനാലാണെന്നും കേരളത്തിലെ തൊഴില്‍ മേഖലയില്‍ തൊഴിലാളി യൂനിയന്‍ നേതൃത്വത്തോടുളള വിശ്വാസം ഇതു കാരണം കുറഞ്ഞു വരികയാണെന്നും എന്നാല്‍ ബിഎംഎസ് ഇത്തരം മേഖലകളില്‍ ശക്തമായ സ്വാധീനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിഞ്ഞുനില്ക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാര്‍. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഇച്ഛാശക്തിയുളള ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തൊഴിലാളികള്‍ ശുഭ പ്രതീക്ഷയിലാണ്. ചരിത്രത്തിലാദ്യമായി 11 തൊഴിലാളി സംഘടനാ നേതാക്കളുമൊന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാന്‍ രാജ്യത്തെ പ്രധാനമന്ത്രി തയ്യാറായിരിക്കുകയാണ്. തൊഴിലാളി യൂനിയനുകളുടെ 12 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും 7 ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ബാക്കി ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സാവകാശം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ച് കഴിഞ്ഞ പൊതുപണിമുടക്കില്‍ നിന്ന് ബിഎംഎസ് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ഇടത്-വലത് തൊഴിലാളി യൂനിയനുകള്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. രാജ്യത്ത് തൊഴിലാളി ഐക്യം അത്യാവശ്യമാണെന്ന നിലപാടില്‍ ബിഎംഎസ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും ഇക്കാര്യത്തില്‍ എന്നും മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ടെന്നും എന്നാല്‍ ത്രികക്ഷി സംവിധാനത്തിലൂടെ, ചര്‍ച്ചയിലൂടെ മാത്രമേ ഇത് നടപ്പിലാക്കൂവെന്നും പ്രധാനമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസംഘടിതരായ തൊഴിലാളികളുടെ ഇഎസ്ഐ പരിധിയിലുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അനുകൂലമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി. ചടങ്ങില്‍ ബിഎംഎസ് കണ്ണൂര്‍ മേഖലാ പ്രസിഡണ്ട് ടി.കെ.സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, ഉപാധ്യക്ഷന്‍ പി.കൃഷ്ണന്, മേഖലാ സെക്രട്ടറി വി.എന്‍.ബാബു എന്നിവര്‍ സംസാരിച്ചു.
ചിറ്റാരിപ്പറമ്പ് ടൗണില്‍ നടന്ന പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം ഹരികൃഷ്ണന് ആലച്ചേരി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖലാ വൈസ് പ്രസിഡണ്ട് കൈപ്രത്ത് കുമാരന് അധ്യക്ഷത വഹിച്ചു. ഒ.എം.സജിത്ത് മുഖ്യപ്രഭാഷണം നടത്തി. പി.അനിരുദ്ധന് സ്വാഗതവും പി.പുഷ്പലത നന്ദിയും പറഞ്ഞു.
പാനൂര്‍ മേഖലാ കമ്മറ്റി പാനൂര്‍ ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.അശോകന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് തലശേരി താലൂക്ക് കാര്യവാഹ് ശ്യാംമോഹന് പ്രഭാഷണം നടത്തി. മനോജ് അക്കാനിശേരി സ്വാഗതവും, ഇ.രാജേഷ് നന്ദിയും പറഞ്ഞു. ഗുരുസന്നിധി പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ബസ്റ്റാന്‍ഡില്‍ സമാപിച്ചു.
മട്ടന്നൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലോട് പ്രകടനവും പൊതുസമ്മേളനവും നടത്തി. സമ്മേളനത്തില്‍ പി.കെ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലന് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സത്യന് കൊമ്മേരി സംസാരിച്ചു. പി.ഉണ്ണികൃഷ്ണന് സ്വാഗതവും കെ.സി.കുട്ടികൃഷ്ണന് നന്ദിയും പറഞ്ഞു. എടയന്നൂരില്‍ നിന്നും ചാലോടിലേക്ക് നടന്ന പ്രകടനത്തിന് വി.വി.മനോഹരന്, കെ.വി.സുധീഷ്, രാജീവന് കളരിക്കല്‍, എം.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി മോട്ടോര്‍ എഞ്ചിനിയറിങ്ങ് മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ നിന്നും ചാലോടിലേക്ക് വാഹനയാത്ര നടത്തി.
വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിശ്വകര്‍മ്മ ജയന്തിദിനാഘോഷം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹളില്‍ നടന്നു. ഇതിന്റെ ഭാഗമായി രാവിലെ കുനിത്തല മുക്കില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തു സമാപിച്ചു. ഘോഷയാത്രയില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് പ്രസിഡന്റ് പി.വി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിശ്വകര്‍മ്മജരുടെ മക്കളെ പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന് അനുമോദിച്ചു. കലാ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്ക് കൂട്ട ജയപ്രകാശ് ഉപഹാരങ്ങള്സമര്പ്പിച്ചു. വി.എസ്.ബാലകൃഷ്ണന് സ്വാഗതവും കെ.കെ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു
വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ് ഇരിട്ടിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. കീഴൂരില്‍ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി നഗരം ചുറ്റി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തു സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബിഎംഎസ് മേഖലാ പ്രസിഡന്റ് എന്‍.വി. സുജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി.സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.രജീവ് കുമാര്‍ , പുരുഷോത്തമന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരതീയ മസ്ദൂര്‍ സംഘിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് മേഖലാ പ്രസിഡണ്ട് യു.സി.ബാബു അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ സംഘടനാസെക്രട്ടറി സി.വി.സുബഹ്, എന്‍ജിഒ സംഘ് ജില്ലാപ്രസിഡണ്ട് പി.കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.. കെ.രമേശന് സ്വാഗതവും സി.കെ.ലതേഷ്ബാബു നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി.രാജന്, എന്‍.അശോകന്, എം.ശ്രീശന്, പി.കെ.രാജന് എന്നിവര്‍ നേതൃത്വം നല്കി.
ബിഎംഎസ് ചെറുപുഴ മേഖല കമ്മിറ്റി വിശ്വകര്‍മ്മ ജയന്തി ദേശീയതൊഴിലാളി ദിനമായി ആചരിച്ചു. പ്രാപ്പൊയില്‍ നടന്ന പരിപാടി ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ: സുരേഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. കെ.അശോകന് അധ്യക്ഷത വഹിച്ചു. യു.കുഞ്ഞിരാമന് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ മുന്നോടിയായി ടൗണില്‍ പ്രകടനം നടത്തി.
ബിഎംഎസ് പഴയങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിശ്വകര്‍മ്മജയന്തി ആഘോഷ പരിപാടിയില്‍ മേഖലാ പ്രസിഡന്റ് യു.നാണു അദ്ധ്യക്ഷത വഹിച്ചു. പി.കൃഷണന്, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.ബി പ്രജില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനം മാടായി തെരുവില്‍ നിന്ന് ആരംഭിച്ച് പഴങ്ങാടി ബസ് സ്റ്റഡില്‍ സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: