പെരിന്തല്‍മണ്ണ: മന്ത്രിസ്ഥാനം കൊണ്ട് മണ്ഡലത്തിനുള്ള നേട്ടങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ മന്ത്രി അലിയുടെ സ്നേഹ സംഗമയാത്രയുടെ ഒരുക്കങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ ”ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന അവസ്ഥയിലായി മന്ത്രിയുടെ കാര്യം. പണി വെച്ചതാകട്ടെ നഗരസഭാ പ്രതിപക്ഷ നേതാവും ലീഗിന്റെ മുന്നണി പോരാളിയുമായ പച്ചീരി ഫാറൂക്കും. ബഷീര്‍ കഥയിലെ ”എട്ടുകാലി മമ്മൂഞ്ഞിന്റെ” സ്വഭാവമാണ് പെരിന്തല്‍മണ്ണ നഗരസഭ ഭരിക്കുന്നവര്‍ക്കും ലീഗ് നേതാക്കള്‍ക്കും. നാട്ടില്‍ ഏത് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നാലും അത് സ്വന്തം പേരിലാക്കാന്‍ ഇരുകൂട്ടരും മത്സരിക്കുന്നു. അവസാനം കേന്ദ്രസര്‍ക്കാര്‍ നല്കിയ ലോ ഫ്ളോര്‍ ബസുകളുടെ പിതൃത്വം ഏറ്റെടുക്കുന്നത് വരെ ഈ അവകാശ തര്‍ക്കം നീണ്ടു.
”വികസനത്തിന്റെ വിജയശില്പി” എന്ന പേരില്‍ താന്‍ നാല് വര്‍ഷം നടത്തിയ വികസനപദ്ധതികള്‍ വിശദീകരിച്ച് മന്ത്രി പുസ്തകം ഇറക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് പെരിന്തല്‍മണ്ണയിലെ വികസനമുരടിപ്പ് അക്കമിട്ട് പറഞ്ഞ് ലീഗ് നേതാവ് ഒരു പത്രത്തില്‍ പ്രസ്താവന നടത്തിയത്. ചില പ്രധാന മുരടിപ്പുകള്‍ ഇങ്ങനെയാണ്, പെരിന്തല്‍മണ്ണ നഗരം നേരിടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക്, ദിവസവും ടൗണില്‍ എത്തുന്ന നൂറ്കണക്കിന് സ്ത്രീയാത്രികര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശുചിമുറികള്‍ പോലും ഇല്ലാതെ നട്ടം തിരിയുന്ന അവസ്ഥ, സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തത്, രൂക്ഷമായ ശുദ്ധജലമായ ക്ഷാമം, മാലിന്യ പ്രശ്നങ്ങള്‍ അങ്ങനെ നീളുന്നു വികസന മുരടിപ്പിനെ കുറിച്ചുള്ള കഥകള്‍. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ മനസില്‍ ഒരു സംശയം ബാക്കിയാകുന്നു, പിന്നെ എന്ത് വികസനമാണ് ഇവിടെ നടന്നതെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: