തിരുവനന്തപുരം: ചരിത്രപരമായി പ്രാധാന്യം നിലനില്‍ക്കുന്ന കോട്ടയ്ക്കകത്തെ ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് മാലിന്യ സംസ്കരണകേന്ദ്രമാക്കാന് നഗരസഭയുടെ നീക്കം. നവീകരണത്തിന്റെ മറവില്‍ പാര്‍ക്കില്‍ മതില്‍കെട്ടി തിരിച്ച് 12 സെന്റ് ഭൂമിയില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കമാണ് നഗരസഭ നടത്തുന്നത്. നഗരസഭയുടെ ബയോഗ്യാസ് പ്ലാന്റ് വരുന്നതോടെ കുട്ടികളുടെ പാര്‍ക്ക് മാലിന്യ കേന്ദ്രമായി മാറും. ശ്രീചിത്തിര തിരുനാളിന്റെ വെങ്കല പ്രതിമയുള്ള, ചരിത്രപ്രാധാന്യമുള്ള പാര്‍ക്കിനോടുള്ള ഏറ്റവും വലിയ അവഗണനയാകും ഇത്.
മൂന്നേക്കറിലധികം സ്ഥലത്താണ് ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് സ്ഥാപിക്കപ്പെട്ടത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സ്മരണ നിലനിര്‍ത്താനായി ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് പാര്‍ക്കും അതോടൊപ്പം ചിത്തിരതിരുനാളിന്റെ വെങ്കല പ്രതിമയും സ്ഥാപിച്ചത്. ബ്രിട്ടനിലെ പ്രശസ്ത ശില്പി രൂപകല്പന ചെയ്ത വെങ്കല പ്രതിമ കപ്പലിലാണ് ഇവിടെ സ്ഥാപിക്കാനായി എത്തിച്ചത്. കാലക്രമേണ പാര്‍ക്കിന്റെ സംരക്ഷണം നഗരസഭയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസിക്കായി പാര്‍ക്കിന്റെ നല്ലൊരു ശതമാനം ഭൂമി ഏറ്റെടുത്തു. നഗരസഭയുടെ ഫോര്‍ട്ട് സോണല്‍ ഓഫീസിനായും നഗരസഭയുടെ മാലിന്യ വണ്ടികളുടെ ഗ്യാരേജിനായും പാര്‍ക്ക് വെട്ടിമുറിക്കപ്പെട്ടിരുന്നു. വയോമിത്രം ഓഫീസിനായും സ്ഥലം പോയി. കുട്ടികള്‍ക്കായുള്ള പാര്‍ക്കില്‍ പട്ടം താണുപിള്ള ചില്‍ഡ്രന്‍സ് ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാനത്തിന്റെ പൈതൃകസമ്പത്തായ ഈ പാര്‍ക്ക് സംരക്ഷിക്കാന്‍ കാലങ്ങളായി നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ല. മാസങ്ങള്‍ക്കുമുമ്പ് ഇവിടെ മൊബൈല്‍ ഇന്‍സിനേറ്റര്‍ കൊണ്ടിട്ട് മാലിന്യങ്ങള്‍ സംസ്കരിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്‍സിനറേറ്റില്‍ നിന്നുള്ള പുകമൂലം ചിത്തിരതിരുനാള്‍ പ്രതിമയുടെ ഒരുഭാഗം കറുക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭത്തെതുടര്‍ന്നാണ് ഇന്‍സിനേറ്റര്‍ ഇവിടെ നിന്നും മാറ്റിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകരാണ് കാടുപിടിച്ച് മാലിന്യകേന്ദ്രമായി മാറിയ പാര്‍ക്ക് വൃത്തിയാക്കിയത്.
നവീകരണത്തിന്റെ മറവില്‍ പാര്‍ക്ക് മതില്‍കെട്ടി തിരിച്ച് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാനാണ് ഇപ്പോള്‍ നഗരസഭയുടെ പദ്ധതി. പദ്ധതിക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീചിത്തിരതിരുനാള്‍ പാര്‍ക്ക് പൈതൃക കേന്ദ്രമായി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി നഗരസഭ കക്ഷിനേതാവ് പി. അശോക് കുമാര്‍ പറഞ്ഞു. ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പാര്‍ക്കിനെ തകര്‍ക്കുമെന്നും ഇത് അനുവദിക്കുകയില്ലെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: