കാസര്‍കോട്: ആവശ്യങ്ങള്‍ മുഴുവന്‍ നിരാകരിച്ച സമരം അത്യുജ്വല വിജയമെന്നും രണ്ടിലൊന്ന് നേടിയെടുത്ത സമരം മുഴുവന്‍ പരാജയമെന്നും വാഴ്ത്തുന്ന പ്രതിലോമ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ സജീവമാകുന്നുവെന്ന് മാധ്യമസെമിനാര്‍ ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമൂഹം, വിപണി, മാധ്യമം എന്ന സെമിനാറിലാണ് മാധ്യമപ്രവര്‍ത്തനത്തിലെ പ്രതിലോമ ചിന്തകള്‍ പങ്കുവെയ്ക്കപ്പെട്ടത്.
മൂന്നാര്‍ സമരം അത്യുജ്വല വിജയമെന്ന് മാധ്യമങ്ങളെല്ലാം വാഴ്ത്തി. എന്നാല്‍ 20 ശതമാനമുണ്ടായിരുന്ന ബോണസ് പരിധി 8.31 ശതമാനമായി താഴ്ത്തുകയായിരുന്നു ഫലത്തില്‍ ഉണ്ടായതെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് സി.ഗൗരിദാസന്‍ നായര്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ചതായി പറയുന്ന 20 ശതമാനം ബോണസ് എന്നു പറയുന്നത് എക്സ്ഗ്രേഷ്യ കൂടി കൂട്ടിയതാണ്. അടുത്ത വര്‍ഷത്തെ ബോണസ് ചര്‍ച്ചയില്‍ 8.31 ശതമാനം അടിസ്ഥാനമാക്കിയായിരിക്കും മുതലാളിമാര്‍ വിലപേശുന്നത്. ഇക്കാര്യം വെളിപ്പെടുത്താനാകാത്ത മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. വാര്‍ത്തയെന്നത് നിര്‍ദോഷമായി ലഭിക്കുന്ന ഒന്നല്ല. അനുഭൂതികളുടെ വര്‍ണം കൂടി ഉള്‍പ്പെടുത്തി തിരിച്ചറിയാനാകാത്ത വിധം പൊതിഞ്ഞുകെട്ടിയാണ് പുറത്തെത്തുന്നത്. വാര്‍പ്പു മാതൃകകളിലും ചടങ്ങുകളിലും ജനതയെ തളച്ചിടാനാണ് മാധ്യമ മൂലധനം എക്കാലത്തും ശ്രദ്ധിക്കുന്നതെന്നും സംവാദം നിയന്ത്രിച്ച ഗൗരിദാസന്‍ നായര്‍ പറഞ്ഞു.
മൂന്നാറില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയാന്‍ കഴിയാതിരിക്കുന്ന പ്രതിലോമ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം കൂടിയാണിതെന്ന് മാധ്യമ പ്രവര്ത്തകന് പി.എം.മനോജ് പറഞ്ഞു. തൊഴിലാളി ബോണസില്‍ 11 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതിനുവഴിതെളിച്ച സമരം അത്യുജ്വലമെന്നും രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്നുനേടിയെടുത്ത സെക്രട്ടറിയറ്റ് ഉപരോധം അമ്പേ പരാജയമെന്നും പ്രചരിപ്പിക്കുന്ന പ്രതിലോമ മാധ്യമ പ്രവര്‍ത്തനത്തിന് മൂലധന തല്പര്യവുമായി വലിയ ബന്ധമില്ല. പ്രതിലോമ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രചാരണം മാത്രമാണ് ഇവര്‍ സംഘടിപ്പിക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന പരിമിതമായ സ്വാതന്ത്ര്യം പോലും ദുരുപയോഗിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് ഇവിടെ നടക്കുതെന്ന് പി.എം.മനോജ് പറഞ്ഞു.
മാധ്യമങ്ങളുടെ വിപണിയുടെ ബന്ധം ഇഴപിരിക്കാനാനാവാത്തതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.ജി.രാധാകൃഷ്ണന് പറഞ്ഞു. അതേസമയം നവമാധ്യമങ്ങളുടെ സജീവമായ കടന്നുവരവ് മൂലധന താല്പര്യത്തെ ചെറുക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണിയും മാധ്യമങ്ങളും തമ്മിലുള്ള വേഴ്ചയില്‍ സമൂഹത്തിന് പ്രാധാന്യം ഇല്ലാതായിരിക്കുയാണെന്ന് മാധ്യമ പ്രവര്‍ത്തകനായ എന്‍.പി.ചന്ദ്രശേഖരന് പറഞ്ഞു. ഭൂഖണ്ഡങ്ങളില്‍ നിന്നും പരക്കെ സഞ്ചരിക്കുന്ന സ്വത്വം കൂടിയാണ് മൂലധനം. മാധ്യമപ്രവര്‍ത്തനം ഷോബിസിനസ്സിലേക്ക് മാറ്റിയതും അത്തരം മൂലധന താല്പര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. മാധ്യമ പ്രവര്ത്തകന് ടി.പി.ചെറൂപ്പ, പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് കെ.പ്രേംനാഥ്, ജനറല്‍സെക്രട്ടറി എന്‍.പത്മനാഭന്, സി.നാരായണന്, എം.ഒ.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സണ്ണി ജോസഫ് സ്വാഗതവും വിനോദ് പായം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: