തൊടുപുഴ: മൂന്നാര്‍ പ്രക്ഷോഭത്തില്‍ തൊഴിലാളികളുടെ പക്ഷത്തു നിന്നുവെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടിയും വി.എസ് അച്യുതാനന്ദനും ടാറ്റയുടെ സംരക്ഷകരാണെന്നും ഐതിഹാസിക മുന്നേറ്റത്തെ ഹൈജാക്ക് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചതെന്നും ആദിവാസി ഗോത്രമഹാ സഭ അധ്യക്ഷ സി.കെ ജാനുവും കോഓര്‍ഡിനേററര്‍ എം.ഗീതാനന്ദനും ആരോപിച്ചു. സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ ട്രേഡ് യൂണിയനുകളും സര്‍ക്കാരും ടാറ്റാക്കു വേണ്ടി ചരടുവലിക്കുമെന്നും ഇതിനെതിരെ കടുത്ത പോരാട്ടം തൊഴിലാളികള്‍ നടത്തേണ്ടി വരുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യവസ്ഥാപിത സംഘടനകളെ ഒഴിവാക്കിയുളള മുന്നേറ്റങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആരോപിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഗൂഢാലോചനയാണ്. ആരുടെയും നേതൃത്വമില്ലാതെ നടന്ന മുത്തങ്ങ സമരത്തിലും ഈ ആരോപണം ഉയര്‍ന്നിരുന്നു. ആദിവാസികളുടെ പോരാട്ടത്തോട് ഐക്യപ്പെടാന്‍ തോട്ടം തൊഴിലാളികള്‍ തയ്യാറാകണം. സ്ത്രീ മുന്നേറ്റം നേടിയ വിജയം നിലനിര്‍ത്താന്‍ തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയുളള സ്വതന്ത്രവേദിക്ക് രൂപം നല്‍കണം. മുതലാളിത്തത്തിന്റെ ഉപോല്‍പ്പന്നമായ ട്രേഡ് യൂണിയന് എന്ന കച്ചവടത്തിന് ബദല്‍ സംവിധാനം ഒരുക്കാതെ ഇനി തൊഴിലാളി താല്പര്യങ്ങള് സംരക്ഷിക്കപ്പെടില്ല. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ആദിവാസികള്‍. മുത്തങ്ങയിലും കുടില്‍കെട്ടല്‍ സമരത്തിലും നില്പ്പു സമരത്തിലുമെല്ലാം ലഭിച്ച ഉറപ്പുകള്‍ കാറ്റില്‍ പറത്തപ്പെട്ടുവെന്നും നേതാക്കള്‍ പറഞ്ഞു.കണ്ണൂരിലെ ആറളത്തും ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികളുണ്ടാകും. വനാവകാശത്തിനും സ്വയംഭരണത്തിനും വേണ്ടി ഗോത്രമഹാസഭ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രചരണ പരിപാടി ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പി.ജി ജനാര്‍ദ്ദനനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: