കണ്ണൂര്‍: ആറളം ട്രൈബല്‍ ആയുര്‍വേദ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വമായി പരിഗണിക്കുമെന്ന് ഗ്രാമവികസനവകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ആശുപത്രിയുടെ പുതിയ ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യമുണ്ടാകണമെന്നും പട്ടികവര്ഗ്ഗക്കാരല്ലാത്തവര്ക്കുകൂടി ചികിത്സാസൗകര്യം ലഭിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായി മന്ത്രി അറിയിച്ചു. മലയോരമേഖലയില്‍ റോഡ്, കുടിവെള്ളം, വൈദ്യുതി, ചികിത്സാസംവിധാനം എന്നീ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും അളവിലും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പേരാവൂര്‍ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അഡ്വ. സണ്ണി ജോസഫ് എംഎല്‍എയെയും വികസന ആവശ്യങ്ങള്‍ക്ക് അനുവദിച്ച തുക ഫലപ്രദമായി വിനിയോഗിച്ച ആറളം പഞ്ചായത്തിനെയും മന്ത്രി അഭിനന്ദിച്ചു.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വേലായുധന്, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി.തോമസ്, വൈസ് പ്രസിഡന്റ് ലീലാമ്മ തോമസ്, അംഗങ്ങളായ സി.വി.കുഞ്ഞിക്കണ്ണന്, ജയ്സണ്‍ ജീരകശ്ശേരി, റയ്ഹാനത്ത് സുബി, ബേബി ജോണ്‍, കെ.കെ.വസന്ത, ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.സുരേഷ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ഹേമരാജ്, ഡോ. സിതാര ധര്‍മരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: