കണ്ണൂര്‍: രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും ഭരണഘടന അനുശാസിക്കുന്ന സംഘടനാ സ്വതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ എസ്എഫ്ഐ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ നിലപാട് തിരുത്തുന്നതാണ് എസ്എഫ്ഐക്ക് നല്ലതെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ പറഞ്ഞു. കണ്ണൂര്‍ തോട്ടട പോളിടെക്നിക്കിലും ഐടിഐയിലും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഫാസിസത്തിനെതിരെ ഇന്നലെ പോളിടെക്നിക്കിലേക്ക് എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ സ്വാതന്ത്ര്യം ആവശ്യപ്പട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന നാട്ടില്‍ ഭൂഷണമല്ല. സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. കേരളത്തിലെ കോളേജ് കാമ്പസുകളില്‍ അരാഷ്ട്രീയത വളര്‍ത്താനുളള ആസൂത്രിത നീക്കമാണ് ഏതാനും നാളുകളായി എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് പൊതുജനങ്ങളെക്കൊണ്ടും നീതിന്യായ വ്യവസ്ഥയെക്കൊണ്ടും പറയപ്പിക്കാനുളള നീക്കമാണ് നടത്തുന്നത്. കോളേജ് കാമ്പസുകളും ഹോസ്റ്റലുകളും മദ്യപാനത്തിന്റെയും മദിരാക്ഷിയുടേയും മയക്കുമരുന്നിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണ് എസ്എഫ്ഐക്കാര്‍. ഇത്തരം ദുഷ്ചെയ്തികളെ മറ്റ് സംഘടനകള്‍ ചോദ്യംചെയ്യുന്നതിനാലാണ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ എസ്എഫ്ഐ നേതൃത്വം നല്‍കുന്നത്. എസ്എഫ്ഐ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോയാല്‍ എബിവിപിക്കും ഇതേ തീരുമാനമെടുക്കേണ്ടി വരുമെന്നും അങ്ങനെ വന്നാല്‍ കേരളത്തിലെ എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളുള്‍പ്പെടെ പരീക്ഷയെഴുതാതിരിക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ എബിവിപിയെ നിര്ബന്ധിപ്പിക്കരുത്. അണികളെ പിടിച്ചു നിര്‍ത്താന്‍ എസ്എഫ്ഐ അക്രമം മറയാക്കുകയാണ്. മാരക വിഷമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. പത്തനംതിട്ടയില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരണപ്പെടാനിടയാക്കിയ സംഭവമുള്‍പ്പെടെ നിരവധി കൊലപാതകങ്ങളില്‍ എസ്എഫ്ഐ നേതാക്കള്‍ക്കുളള പങ്ക് മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈമനസ്യം കാണിക്കുകയാണ്. നാടിനപമാനമായിമാറിക്കൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍. തോട്ടട പോളിയിലെ ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഏറ്റവും വലിയ കക്ഷിയായ എബിവിപി യൂനിയന്‍ ഭരണം പിടിച്ചിരിക്കുകയാണ്. ഇടത് ഈറ്റില്ലമെന്നു പറയപ്പെടുന്ന ഡല്‍ഹി ജെഎന്‍യുവില്‍ എസ്എഫ്ഐയുടെ പൊടിപോലും കാണാനില്ല. ഇങ്ങനെ രാജ്യത്താകമാനം എസ്എഫ്ഐയും ഇടത് ചിന്താഗതിക്കാരും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കണ്ണൂര്‍ ഐടിഐയെന്ന ഇട്ടാവട്ടത്തില്‍ എസ്എഫ്ഐക്കാര്‍ അഹങ്കാരവും ഗര്‍വ്വും പ്രകടിപ്പിച്ച് ഭീഷണിപ്പെടുത്തുന്നത്. ഇതനുവദിക്കാനാവില്ല.രാഷ്ട്ര സ്നേഹികളും സാമൂഹ്യവിരുദ്ധരും തമ്മിലുളള ഏറ്റുമുട്ടലാണിത്. ഭീഷണിയെ സര്‍വ്വശക്തിയുമെടുത്ത് നേരിടും. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ സമരത്തിന്റെ മുന്നില്‍ നിന്ന് പോരാടിയ ഝാന്സിറാണിയടക്കമുളള ധീരദേശാഭിമാനികളുടെ പിന്മുറക്കാറാണ് ദേശസ്നേഹികളായ എബിവിപി പ്രവര്‍ത്തകരെന്നും ഇവരുടെ വീര്യം നെഞ്ചിലേറ്റി പ്രവര്‍ത്തിക്കുന്ന എബിവിപി പ്രവര്‍ത്തകര്‍ സധൈര്യം എസ്എഫ്ഐയുടെ കാടത്തത്തെ, ഫാസിസത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലാലയങ്ങളില്‍ ഏകപക്ഷീയമായി എസ്എഫ്ഐ അക്രമം അഴിച്ചുവിടുകയാണെന്നും പെണ്‍കുട്ടികളെ വരെ അക്രമിച്ചുകൊണ്ട് കേരളത്തിലെ കലാലയങ്ങളെ കലാപഭൂമിയാക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പോളിയില്‍ വെച്ച് എബിവിപി പ്രവര്ത്തകന് രാഗിലിനെ അക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഐടിഐ, പോളി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ പ്രേംസായി സ്വാഗതവും അനൂപ് മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: