കണ്ണൂര്‍: ആര്‍എംഎസ്എ സ്ക്കൂളുകളോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്ന് ആര്‍എംഎസ്എ ഹൈസ്ക്കൂള് പിടിഎ പ്രസിഡണ്ട് ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമീണ മേഖലയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനു വേണ്ടി 5 കിലോമീറ്ററിനുളളില്‍ ഹൈസ്ക്കൂളുകള്‍ ഉറപ്പാക്കു എന്ന ലക്ഷ്യത്തോടെ ആര്‍എംഎസ്എ (രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാന് ) ഈ മേഖലയിലുളള യുപി സ്ക്കൂളികളെ അപ്ഗ്രേഡ് ചെയ്തത്. 9 സ്ക്കൂളുകള്‍ ഇത്തരത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍എംഎസ്എ സ്ക്കൂളുകള്‍ പരാധീനതകളാല്‍ വീര്‍പ്പുമുട്ടുകയാണെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. അപ്ഗ്രേഡ് ചെയ്ത സ്ക്കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുക, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ വിഷയങ്ങള്‍ക്കും സ്ഥിരം അധ്യാപകരെ നിയമിക്കുക, പിഎസ്സി മുഖേന അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ 30 നകം അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 6 ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജോണ്സണ് അമ്പാട്ട്, സുകുമാരന്‍ പി.വി, വി.വി.മനോഹരന്, സി.പി.പീംതാംബരന്, സി.എം.ഹംസ, കെ.വിനു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: