ആര്യനാട്: സ്വന്തം കൃഷിഭൂമിയില്‍ വിദേശിപഴങ്ങള് വിളയിച്ച് നാടിന് കൗതുകമാവുകയാണ് അപ്പുക്കുട്ടന് നായര്‍. ഡ്രാഗണ്‍ ഫ്രൂട്ടും ധുരിയാനും മാംഗോ ഫ്രൂട്ടുമൊക്കെ തഴച്ച് വളരുകയാണ് അപ്പുക്കുട്ടന്റെ 60 സെന്റോളം വരുന്ന കൃഷി തോട്ടത്തില്‍. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ആര്യനാട് കൊക്കോട്ടേല ആരാമത്തില്‍ അപ്പുക്കുട്ടന് നായര്‍ വേറിട്ട കൃഷി എന്ന ആശയവുമായി ആരംഭിച്ചതാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി.
നാട്ടിന്പുറത്തിന് പരിചിതമായ കപ്പയും വാഴയും കാച്ചിലും ഉപേക്ഷിച്ച് അപ്പുക്കുട്ടന് വിദേശപഴത്തിന് പിന്നാലെ പോയത് പലര്‍ക്കും അത്ര രസിച്ചില്ല. പരമ്പരാഗത കര്‍ഷകര്‍ അപ്പുക്കുട്ടനെ പലയാവര്‍ത്തി പിന്തിരിപ്പിക്കാന് നോക്കിയെങ്കിലും പിന്മാറാന് അപ്പുക്കുട്ടന് കൂട്ടാക്കിയില്ല. വിദേശ രാജ്യങ്ങളിലെ കാലാവസ്ഥയില്‍ വളരുന്ന ഇത്തരം സസ്യങ്ങള്‍ നമ്മുടെ നാട്ടില്‍ പുഷ്പിക്കില്ലെന്നും പണം നഷ്ടപ്പെടുത്തുമെന്നും പറഞ്ഞവരെ ഞെട്ടിച്ചുകൊണ്ടാണ് അപ്പുക്കുട്ടന്റെ തോട്ടത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് നൂറുമേനി വിളഞ്ഞത്.
കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപവുമുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് അപൂര്‍വ്വ ഔഷധ ഗുണമാണുള്ളത്. മലേഷ്യ,സിങ്കപ്പൂര്‍,തായ്ലന്റ്,വിയറ്റ്നാം,ഇസ്രായേല്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് അടുത്തിടെയാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. ഔഷധ ഗുണത്തിനൊപ്പം പോഷക സമൃദ്ധവുമാണ് മധുരക്കള്ളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട്. പഴത്തിന്റെ ഉള്‍ക്കാമ്പ് വെളള,ചുവപ്പ് നിറത്തിലും വിത്ത് കറുത്ത നിറത്തിലുമാണു കാണപ്പെടുന്നത്. നാടന്‍ കള്ളിച്ചെടിയോട് സാമ്യമുള്ള ഇവ വിത്ത് പാകി കഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മുളച്ചു വരുമെന്ന് അപ്പുക്കുട്ടന് നായര്‍ പറയുന്നു.ഒരുവര്‍ഷം പ്രായമായ ഡ്രാഗണ്‍ ഫ്രൂട്ട് കായ്ഫലം നല്കി തുടങ്ങും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ ഒരു ചെടിയില്‍ നിന്ന് വിളവെടുപ്പ് തുടരാനാകും. ഇവയുടെ പൂക്കള്‍ക്ക് ഒരു രാത്രി മാത്രമാണ് ആയുസ്സ്.പിറ്റേന്ന് കായ് ആയി രൂപാന്തരം പ്രാപിച്ച് നാല്പത്തഞ്ചാം നാളില്‍ വിളവെടുപ്പിന് തയ്യറാകുന്നുവെന്ന് അപ്പുക്കുട്ടന് സാക്ഷ്യപ്പെടുത്തുന്നു. ഏത് മോശം കാലാവസ്ഥയിലും തഴച്ച് വളരുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് അമിത ചൂട് അത്ര പന്തിയല്ല.
ജീവകം സി യുടെ കലവറയാണു ഈ വിദേശിപഴം.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം കൊളസ്ട്രോള്‍,രക്തസമ്മര്‍ദം,പ്രമേഹം,ആസ്മ,സന്ധിവാതം എന്നിവയ്ക്ക് ഉത്തമ ഔഷധം കൂടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
വിദേശിപഴം നഷ്ടം വരുത്തുമെന്ന് ഉപദേശിച്ചവര്‍ ഈ പുതിയ കൃഷി രീതി പഠിക്കാന്‍ അപ്പുക്കുട്ടന് നായര്ക്കരികില് എത്തുകയാണിപ്പോള്‍. ഡ്രാഗണ്‍ ഫ്രൂട്ടിനു പുറമെ പാഷന് ഫ്രൂട്ട്,മുള്ളാത്ത,ഇലന്തപഴം,ചെറുഞാറ,പേര,മള്‍ബറി,എള്ള്,മഞ്ഞള്‍,ഇഞ്ചി തുടങ്ങി അപ്പുക്കുട്ടന് നായരുടെ തോട്ടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഇവയ്ക്കു പുറമെ അദ്ദേഹത്തിന്റെ ഭാര്യ അംബികാ ദേവിയുടെ പരിചരണത്തില്‍ ടെറസിനു മുകളില്‍ ജൈവപച്ചകറി കൃഷിയും നടക്കുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഔഷധ ഗുണം അറിഞ്ഞ് ദിവസേന നിരവധി പേരാണ് അപ്പുക്കുട്ടന് നായരുടെ തോട്ടത്തില്‍ എത്തുന്നത്. 80 മുതല്‍ 100 രൂപവരെ വില ലഭിക്കുന്നുണ്ടെന്നും ഇക്കുറി മികച്ച വിളവാണു കിട്ടിയതെന്നും അപ്പുക്കുട്ടന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: