കോതമംഗലം: തൃക്കാരിയൂരില്‍ പിഞ്ചുകുഞ്ഞിനെ ആക്രമിച്ച കറുത്ത നായ വീണ്ടുമെത്തി വീട്ടമ്മയെ കടിച്ചു. തൃക്കാരിയൂര്‍ പടിഞ്ഞാട്ടുകാവ് പൊന്നുംകീരന്‍ പ്രദീപിന്റെ ഭാര്യ വിജയകുമാരി (48)ആണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെ വീടിന് പിറകില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുത്തുകൊണ്ടിരിക്കെ പിന്നിലൂടെയെത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു. നായയെ തട്ടിത്തെറിപ്പിച്ച് വീടിനകത്ത് ഓടിക്കയറുകയായിരുന്നു.
ഇവരുടെ വീട്ടിലെ വളര്‍ത്തു പൂച്ചയെ നായ ഓടിച്ചിട്ട് കടിച്ചു. വീട്ടമ്മയുടെ കരച്ചില്‍കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴെക്കും നായ കടന്നു.
ഒരാഴ്ച മുമ്പ് അമ്പാട്ട് രവിയുടെ മകന്‍ രണ്ടര വയസ്സുകാരന്‍ ദേവനന്ദനന്റെ മുഖത്തും കണ്ണിലും മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ച വാല്‍ മുറിഞ്ഞ കറുത്ത നായ തന്നെയാണ് വീട്ടമ്മയെയും ആക്രമിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക്‌ശേഷം വിജയകുമാരിയെ വിദഗ്‌ദ്ധ ചികിത്സക്കായി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
















