കൊച്ചി: അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ വിനയകുമാര്‍ ജീവിതത്തോട് വിടപറയുന്നത് അഞ്ച് പേര്‍ക്ക് പുതുജീവിതം നല്‍കി. ലൂര്‍ദ് ഹോസ്പിറ്റലില്‍ ഇന്നലെ മസ്തിഷ്‌കമരണം സംഭവിച്ച കടുങ്ങല്ലൂര്‍ വൃന്ദാവന്‍ തെക്കുംമുട്ടത്ത് പി.എന്‍. വിനയകുമാ (48) റിന്റെ അവയവങ്ങളാണ് അഞ്ച് പേര്‍ക്ക് ദാനം ചെയ്യും. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു വിനയകുമാര്‍. ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഫാക്ടിലെ കാഷ്വല്‍ ജീവനക്കാരനായ വിനയകുമാര്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
പാതാളം ജംഗ്ഷനില്‍ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതമറിയിക്കുകയായിരുന്നു. ഹൃദയം, കരള്‍, വൃക്കകള്‍, കണ്ണ് എന്നിവയാണ് ദാനം ചെയ്യുന്നത്. കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, ആലുവ ടോണി ക്ലിനിക്ക് എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് അവയവങ്ങള്‍ നല്‍കുക. പരേതരായ നാരായണപിള്ളയുടെയും ശാരദാമ്മയുടെയും മകനാണ് വിനയകുമാര്‍. ഭാര്യ: ബിന്ദു. മക്കള്‍: നിവിന്‍കുമാര്‍, നീരജ്കുമാര്‍, ഗോപിക, കൃഷ്ണ.
















