ആലപ്പുഴ: ലക്ഷങ്ങളുടെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം നടത്തുന്ന ജി. സുധാകരന്‍ എംഎല്‍എ അഴിമതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആവശ്യപ്പെട്ടു. അഴിമതി വിരുദ്ധത പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും കൊണ്ടുവരാന്‍ സുധാകരന് കഴിയണം. ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതിയില്‍ അഴിമതി ആരോപണം ഘടകകക്ഷിയായ സിപിഐ വരെ ഉന്നയിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്ന ജെന്‍ഡര്‍ പാര്‍ക്ക് ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നതിലൂടെ ജില്ലാ പഞ്ചായത്തിന്റെ അഴിമതിക്ക് അമ്പലപ്പുഴ എംഎല്‍എ കുടപിടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















