മട്ടന്നൂര്‍: സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നടുവനാട്, വട്ടക്കയം തുടങ്ങിയ മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്തുന്ന സിപിഎമ്മുകാരെ പിടികൂടുക, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരാണ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് സ്റ്റേഷന് സമീപത്തായി പോലീസ് സംഘം ബാരിക്കേഡുയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമായി സ്ഥലം മാറ്റം ലഭിച്ചവരാണ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഒരുകൂട്ടം പോലീസുകാരെന്നും ഇവരെല്ലാം സിപിഎം ഏരിയാ കമ്മറ്റി ഓഫീസിലെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്നും മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി പറഞ്ഞു. അക്രമികളായ സിപിഎമ്മുകാര്‍ക്കെതിരെ ഇത്തരം പോലീസുകാര്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുന്നതെന്നും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് സാധിക്കുന്നില്ലെന്നും ബിജു ഏളക്കുഴി പറഞ്ഞു.
സ്ത്രീകളുടെ രഹസ്യഭാഗങ്ങള്‍ പോലും പത്രത്തിലും ചാനസിലും കാണിച്ച് കള്ളപ്രചരണം നടത്തുന്നവരായി സിപിഎം നേതൃത്വം അധപതിച്ചെന്നും സിപിഎമ്മിന്റെ കള്ളപ്രചരണത്തിനുവേണ്ടി മാനം മറന്ന് കൂട്ടുനില്‍ക്കുന്ന സ്ത്രീകളെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ ആവശ്യപ്പെട്ടു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ സ്ത്രീകളെപ്പോലും ഉപയോഗിക്കുന്ന സിപിഎമ്മിനെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റപ്പെടുത്തണം. പുന്നാട് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്ക് നേരെ വാഹനമോടിച്ച് കയറ്റി അവസാനനിമിഷം ശോഭായാത്ര അലങ്കോലപ്പെടുത്തി അതുവഴി കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിന് അവാര്‍ഡ് കൊടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയരാജനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു വലിയ മാറ്റത്തിലേക്ക് പോവുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുമെന്നും അത് സിപിഎം എന്ന അക്രമപ്പാര്ട്ടിയുടെ അന്ത്യം കുറിക്കുമെന്നും പ്രജില്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി കെ.പി.സതീശന് സ്വാഗതം പറഞ്ഞു. സംഘപരിവാര്‍ നേതാക്കളായ സി.കെ.രജീഷ്, എം.കെ.സന്തോഷ്, എം.സദാനന്ദന്, സജീവന് എടയന്നൂര്‍, സി.വി.വിജയന് മാസ്റ്റര്‍, എ.കൃഷ്ണന്, പി.രാജന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: