കണ്ണൂരില്‍ സിപിഎം പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന അസഹിഷ്ണുതയ്ക്കും തെമ്മാടിത്തത്തിനും സമാനമായ ഗുണ്ടായിസം പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എഫ്ഐ തങ്ങള്‍ക്ക് ആധിപത്യമുളള കണ്ണൂരിലെ കാമ്പസുകളില്‍ നടത്തുന്നതായ വാര്‍ത്തകളാണ് ഏതാനും നാളുകളായി കണ്ണൂരിലെ വിവിധ കാമ്പസുകളില്‍ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നു വന്നില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂരിലെ കാമ്പസുകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം തേടാനാവത്ത സാഹചര്യം ഉരിത്തിരിഞ്ഞുവരാലാകും ഫലം. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കാമ്പസില്‍ നടക്കുന്ന തെമ്മാടിത്തരത്തിന് സിപിഎമ്മിന്റെ ഘടകകക്ഷിയായ സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് പ്രവര്‍ത്തകരടക്കം ഇരയാകുകയാണെന്ന് സംഘടനയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ച് ഉദാഹരണങ്ങള്‍ നിരത്തി പരസ്യമായി പുറം ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്.
എസ്എഫ്ഐയുടെ കാമ്പസുകളിലെ ഗുണ്ടാരാജില്‍ സ്വന്തം ഘടകകക്ഷിയും കമ്മ്യൂണിസ്റ്റ് തത്വ ശാസ്ത്രവും ഉള്‍ക്കൊളളുന്ന ഇവരുടെ ഗതികേട് ഇതാണെങ്കില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ അവസ്ഥയെന്താകുമെന്ന് നാട്ടാര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ. എസ്എഫ്ഐക്ക് സ്വാധീനമുളള മിക്ക കാമ്പസുകളില്‍ അധ്യയനം ഉള്‍പ്പെടെ നിയന്ത്രിക്കുന്നത് ഇവരാണെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരായ പ്രിന്‍സിപ്പാള്‍മാരും അധ്യാപകരും എസ്എഫ്ഐ നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല ഇവിടങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പോലും സംഘടനയുടെ ഭീഷണിയിലാണ്. ഇതിന്റെ നേര് ചിത്രമാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ പോളിയില്‍ നടന്ന അക്രമത്തിനിടയില്‍ അധ്യാപകനു നേരെ നടന്ന എസ്എഫ്ഐ അക്രമം. എസ്എഫ്ഐ കാമ്പസുകള്‍ക്കകത്ത് നടത്തുന്ന ഗുണ്ടായിസം പുറത്തുപറയാന്‍ വിദ്യാര്‍ത്ഥികളെ പോലെ അധ്യാപകരും ഭയം കാരണം തയ്യാറാകാത്ത സാഹചര്യമാണുളളതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചെത്തുന്ന അധ്യാപക-അധ്യാപകേതര വനിതകളുള്‍പ്പെടെയുളള ഉദ്യോഗാര്‍ത്ഥികള്‍ ദിവസങ്ങള്‍ക്കുളളില്‍ ജോലി ഉപേക്ഷിച്ചു പോയ സംഭവങ്ങള്‍ പോലും എസ്എഫ്ഐ ആധിപത്യമുളള കണ്ണൂര്‍ ഐടിഐ അടക്കമുളള സ്ഥാപനങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുളളതായി കോളേജധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഐടിഐയില്‍ മാത്രം എസ്എഫ്ഐയുടെ ഭീഷണി കാരണം വര്‍ഷംതോറും പഠനം ഉപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ഏണ്ണം കൂടിവരികയാണ്. സ്ഥാപനത്തില്‍ ആദ്യമായിയെത്തുന്ന വിദ്യാര്‍ത്ഥികളെ ആദ്യദിവസം തൊട്ടുതന്നെ യാതൊരു കാരണവുമില്ലാതെ എസ്എഫ്ഐയുടെ നേതാക്കളുടെ നേതൃത്വത്തില്‍ റാഗിങ്ങിനും മറ്റും വിധേയമാക്കുകയും അക്രമിക്കുകയും ഭയപ്പെടുത്തുകയുമാണ് പതിവെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. എസ്എഫ്ഐയുടെ ഭീഷണി കാരണം ഐടിഐയില്‍ പഠനം തുടരാനും പരീക്ഷയെഴുതാനും കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഏതാനും ആഴ്ച മുമ്പ് പരാതിനല്‍കിയ സംഭവവും ഉണ്ടായിരുന്നു. മറ്റ് കോളേജുകളില്‍ നിന്ന് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും മറ്റും എത്തുന്ന വിദ്യാര്‍ത്ഥികള്‍ പോലും എസ്എഫ്ഐക്ക് സ്വാധീനമുളള കാമ്പസുകളില്‍ അക്രമിക്കപ്പെടുന്നുവെന്നതിലേക്കാണ് കഴിഞ്ഞ ദിവസം തോട്ടട പോളിടെക്നിക് കോളേജില്‍ മാഹിയില്‍ നിന്ന് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കെത്തിയ എബിവിപി പ്രവര്ത്തകന് അക്രമിക്കപ്പെട്ട സംഭവം ചൂണ്ടികാണിക്കുന്നത്.
എസ്എഫ്ഐക്കാധിപത്യമുളള പല കോളേജുകളിലും ഐടിഐകളിലും പോളിയിലും ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചും മറ്റും വിദ്യാര്‍ത്ഥികളല്ലാത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരുള്‍പ്പെടെയുളള സിപിഎമ്മുകാര്‍ സ്ഥിരമായി തമ്പടിക്കുകയും ആയുധശേഖരമുള്‍പ്പെടെ നടത്തുകയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതായ പരാതി കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അക്രമങ്ങള്‍ നടന്നാല്‍ പോലും ഇത്തരത്തിലുളള കേന്ദ്രങ്ങളില്‍ പരിശോധന നടത്താനോ കാര്യക്ഷമമായ നടപടികളെടുക്കാനോ ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭയന്ന് പോലീസ് തയ്യാറാകുന്നില്ലെന്നത് അക്രമികള്‍ക്ക് സഹായകരമാവുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ എസ്എഫ്ഐയുടെ ഗുണ്ടാധിപത്യത്തില്‍ നിന്നും മുക്തമാക്കി വിദ്യാഭ്യാസം ചെയ്യാന്‍ ഭരണഘടന ഓരോ പൗരനും അനുവദിച്ചിരിക്കുന്ന മൗലീകാവകാശം ഉറപ്പു വരുത്താനും കണ്ണൂരിലെ നിയമപാലകരും ജില്ലാ ഭരണ കൂടവും തയ്യാറാകേണ്ടിയിരിക്കുന്നു. ഇല്ലാത്തപക്ഷം നമ്മുടെ കലാലയങ്ങള്‍ അക്രമത്തിന് വഴിമാറിയാല്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അധികൃതര്‍ക്ക് ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: