ചെങ്ങന്നൂര്‍: എംസി റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ എംപിയും, എംഎല്‍എയും ഒത്തുകളിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ ആരോപിച്ചു.
ചെങ്ങന്നൂരിലെ റോഡുകള്‍ തകര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു പരിഹാരവും കാണാതെ ജനരോഷം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും രക്ഷപെടാന്‍ ഭരണമുന്നണിയിലെ എംപിയും എംഎല്‍എയും തമ്മിന്‍ പരസ്പരവിരുദ്ധമായ പ്രസ്താവനയുമായി രംഗത്ത് വന്ന് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
നിര്‍മ്മാണ ഉദ്ഘാടന വേളയില്‍ ആറ് മാസം കൊണ്ട് പഴവനപാലനിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുമെന്ന് ഉറപ്പു നല്‍കിയ മുഖ്യമന്ത്രി വാക്കുപാലിച്ചില്ല. എംപി കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ച നിര്‍മ്മാണത്തിലെ അഴിമതിയെപ്പറ്റിയും അന്വേഷിക്കണം.
നിര്‍മ്മാണം തുടങ്ങിയപ്പോള്‍ വഴിതിരിച്ചുവിട്ട റോഡുകള്‍ ഇപ്പോള്‍ വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാതെ അപകടം നിറഞ്ഞ പാതകളായി മാറിയിരിക്കുന്നു. പ്രസ്താവനകള്‍ അവസാനിപ്പിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ബിജെപി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















