തൊടുപുഴ : അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന തൊടുപുഴ പുതുപരിയാരം ആയുര്‍വ്വേദ ഡിസ്‌പെന്‍സറി അപൂര്‍വ്വ ഔഷധസസ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. മണക്കാട് ഗ്രാമപഞ്ചായത്തും ആയുര്‍വ്വേദ വകുപ്പും സംയുക്തമായിട്ടാണ് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പഞ്ചായത്തിലെ സംയോജിത നീര്‍ത്തട പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചിലവില്‍ ഡിസ്‌പെന്‍സറിയുടെ ടെറസ്സില്‍ ഔഷധ ചെടികളും റെയിന്‍ ഗാര്‍ഡിങ്ങും പരിപാലിക്കുന്നു. വിവിധ രോഗങ്ങള്‍ക്കുപയോഗിക്കുന്ന 100 ഇനം ഔഷധ സസ്യങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്. നാഗാര്‍ജുന ഏജന്‍സി മുഖേന വാങ്ങിയ അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്. അത്യപൂര്‍വ്വ ഇനങ്ങളില്‍ ഉള്ളതും പാരമ്പര്യ വൈദ്യന്‍മാര്‍ക്കു മാത്രം പരിചയമുള്ളതുമായ നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ദശപുഷ്പ ഔഷധ സസ്യങ്ങളായ മുക്കുറ്റി, തിരുതാളി, വിഷ്ണു ക്രാന്തി,മുയല്‍ ചെവിയന്‍, നിലപന, ഉഴിഞ്ഞ, കറുക, പൂവാങ്കുരുന്ന്, കയ്യൂന്നി,ചെറുവുള എന്നിവയും അരയാല്‍, വേപ്പ്,കടമ്പ്,നീലയമരി, സര്‍പ്പഗന്ധി, രാമനാമപച്ച, അണലിവ്വേദം തുടങ്ങി അന്യം നിന്നു പോകുന്ന നിരവധി ഔഷധ സസ്യങ്ങളും ഈ കൂട്ടത്തിലുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ലക്ഷ്യം വെക്കാതെ ഔഷധ സസ്യങ്ങളുടെ വ്യത്യസ്ഥമായ കലവറയൊരുക്കാനും പുതിയ തലമുറയെ പരിചയപ്പെടുത്താനും ആയുര്‍വ്വേദ ഡിസ്‌പെന്‍സറി നിറഞ്ഞ മനസ്സോടെയാണ് ആളുകളെ ക്ഷണിക്കുന്നത്. ഔഷധ സസ്യങ്ങള്‍ നനയ്‌ക്കുന്നതിനായി 75,000 രൂപ മുടക്കി 15,000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്ക് പണികഴിപ്പിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ സംരക്ഷത്തിനായി പോളി ഹൗസിംങ്ങ് സൗകര്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: